മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ജ്യോതിരാദിത്യ സിന്ധ്യ നയിക്കും: കമല്‍നാഥ്
ന്യൂഡല്‍ഹി: അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പാര്‍ട്ടിയുടെ യുവനിരയിലെ ഏറ്റലുംപ്രമുഖനായ ജ്യോതിരാദിത്യ സിന്ധ്യ നയിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥാണ് ഇക്കാര്യം അറിയിച്ചത്. സിന്ധ്യയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതില്‍ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ ശക്തമായ ജനവികാരമാണ് ഉയരുന്നത്. അതുകൊണ്ടുതന്നെ ഉത്തര്‍പ്രദേശിലേതു പോലെ ആരുടേയും പേര് ഉയര്‍ത്തിപ്പിടിക്കാതെയായിരിക്കും കോണ്‍ഗ്രസ് പ്രചാരണം നടത്തുകയെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.
ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് ശനിയാഴ്ച നര്‍മദാ യാത്ര ആരംഭിക്കാനിരിക്കുകയാണ്. നര്‍മദാ അണക്കെട്ട് സംബന്ധിച്ച വിഷയം ഉന്നയിച്ച് 3000ഓളം കിലോമീറ്റര്‍ യാത്ര നടത്താനാണ് ദിഗ്‌വിജയ് സിങ്ങിന്റെ പദ്ധതി. സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു വേണ്ടിയാണ് അദ്ദേഹത്തിന്റെ നര്‍മദാ യാത്രയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരെന്ന ആശയക്കുഴപ്പവും ഉയര്‍ന്നു. സിന്ധ്യക്കു പുറമെ കമല്‍നാഥിന്റെ പേരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിനു താല്‍പര്യം സിന്ധ്യയിലായിരുന്നു. ഇതോടെ നേതൃപദവി കമല്‍നാഥ് വിട്ടുകൊടുത്തതോടെയാണ് അനിശ്ചിതത്വം വഴിമാറിയത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ചാണെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്രയും വ്യക്തമാക്കി.
മുന്‍ യു.പി.എ മന്ത്രിസഭയില്‍ അംഗമായിരുന്ന സിന്ധ്യ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'യംഗ് ബ്രിഗേഡി'ലെ പ്രമുഖനാണ്. ഗ്വാളിയോര്‍ രാജകുടുംബാംഗമായ 46 കാരനായ ജ്യോതിരാദിത്യ സിന്ധ്യ, വിമാനാപകടത്തില്‍ മരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."