റബര്‍ കൃഷിക്കൊപ്പം ആദായത്തിന് കോഴിവളര്‍ത്താം
റബറിന്റെ വിലയിടിവ് ചെറുകിട റബര്‍ കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യാന്‍ കൃഷിക്കാര്‍ക്ക് ചെയ്യാവുന്ന ചില കര്‍മപരിപാടികളില്‍ ഒന്നാണ് ചെറുകിട തോട്ടങ്ങളിലെ കോഴിവളര്‍ത്തല്‍.
മലേഷ്യന്‍ റബര്‍ ഗവേഷണകേന്ദ്രം റബര്‍തോട്ടങ്ങളിലെ കോഴിവളര്‍ത്തലിനെപ്പറ്റി നടത്തിയ പഠനത്തില്‍ റബര്‍തോട്ടങ്ങളില്‍ കോഴികളെ തുറന്നുവിട്ട് വളര്‍ത്തിയപ്പോള്‍ കോഴിക്കാഷ്ടം മണ്ണില്‍ കലരുന്നതിനാല്‍ മണ്ണിന്റെ ഫലപുഷ്ടി കൂടുന്നതായി കണ്ടെത്തി. കോഴിവളര്‍ത്തല്‍ കാരണം തോട്ടത്തിലെ കളകളുടെ വളര്‍ച്ച ഇല്ലാതായതായും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ റബര്‍മരങ്ങള്‍ ഏതാണ്ട് ഒന്നരവര്‍ഷം നേരത്തെ ടാപ്പ്‌ചെയ്യാന്‍ തക്ക വണ്ണമെത്തി എന്നതാണ്. റബര്‍തോട്ടങ്ങളുടെ ഉല്‍പാദനക്ഷമത വര്‍ധിക്കുകയും ചെയ്യും.
നമ്മുടെ നാട്ടില്‍ റബര്‍തോട്ടങ്ങളില്‍ തുറന്നുവിട്ട് വളര്‍ത്താന്‍ സാധാരണ നാടന്‍ കോഴികള്‍ക്ക് പുറമെ, രോഗങ്ങളെ ചെറുക്കാന്‍ നല്ല കഴിവുള്ള കരിങ്കോഴികള്‍, വാത്തകള്‍ എന്നിവയേയും ഉപയോഗിക്കാം. തോട്ടത്തില്‍ പാമ്പുകളുണ്ടെങ്കില്‍ അവയെ തുരത്താനും വാത്തകള്‍ സഹായിക്കും.
കോഴിയിറച്ചിക്കും മുട്ടയ്ക്കും കേരളത്തില്‍ നല്ല വിപണനസാധ്യത ഉള്ളതിനാല്‍ റബര്‍ബോര്‍ഡും, കേരളാ സ്‌റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷനും റബര്‍ ഉല്‍പാദകസംഘങ്ങളും സഹകരിച്ച് തുറന്നുവിട്ടുള്ള കോഴിവളര്‍ത്തല്‍ പ്രചരിപ്പിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ചെറുകിട റബര്‍കര്‍ഷകര്‍ക്ക് ഒരനുഗ്രഹമായിരിക്കും.
കേരളാ ഗവണ്‍മെന്റിന്റെ താഴെ പറയുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ വീട്ടുവളപ്പിലെ കോഴിവളര്‍ത്തലിനെപ്പറ്റി പരിശീലനം നല്‍കി വരുന്നു.
1. തിരുവനന്തപുരം ജില്ല (കുടപ്പനകുന്ന്) 0471 2732918
2. കൊല്ലം ജില്ല (കൊട്ടിയം) 04742537300
3. ആലപ്പുഴ ജില്ല (ചെങ്ങന്നൂര്‍) 0479 2457778
4. കോട്ടയം ജില്ല (തലയോലപ്പറമ്പ്) 04829234323
5. എറണാകുളം ജില്ല (ആലുവ) 0484 2624441
6. പാലക്കാട് ജില്ല (മലമ്പുഴ) 0491 2815454
7. കണ്ണൂര്‍ ജില്ല (മുണ്ടയാട്) 0497 2763473.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കെ.കെ.രാമചന്ദ്രന്‍പിള്ള
റബര്‍ബോര്‍ഡ് (റിട്ട)
04712572060, 8281436960
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."