മീസില്‍സ് റുബെല്ല വാക്സിനേഷനെതിരായ പ്രചാരണങ്ങളില്‍ കുടുങ്ങരുത്: മുഖ്യമന്ത്രി
കൊച്ചി: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മീസില്‍സ്, റുബെല്ല പ്രതിരോധ ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. കുറച്ചുപേര്‍ക്ക് രോഗം വരുന്നില്ലായിരിക്കാം. എന്നാല്‍, രോഗം വരുന്ന കുറച്ചുപേര്‍ക്ക് കൂടി പ്രതിരോധ ശക്തി നല്കി സുരക്ഷിത ജീവിതം ഉറപ്പാക്കുന്നതിനാണ് വാക്സിനേഷന് നല്‍കുന്നത്. ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കും. ഇത്തരം പ്രചാരണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വലിയ സാമൂഹികദ്രോഹമാണ് ഇതിനു പിന്നിലുള്ളവര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ മകള്‍ ഇഖ്റയ്ക്ക് ആദ്യപ്രതിരോധ കുത്തിവയ്പ് നല്കി. ആരോഗ്യകേരളം തീം സോങ് സി.ഡി മുഖ്യമന്ത്രിയില്‍നിന്ന് ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന് ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഏറ്റുവാങ്ങി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍ സരിത, മേയര്‍ സൗമിനി ജെയിന്, കെ.വി തോമസ് എം.പി, ഹൈബി ഈഡന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, നടി റിമ കല്ലിങ്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."