താജ്മഹല്‍ അടിമത്തത്തിന്റെ പ്രതീകമെന്ന് അസം ഖാന്
ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയ നടപടി വിവാദമായിരിക്കേ യു.പി സര്‍ക്കാരിന് പിന്തുണയുമായി മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അസംഖാന് രംഗത്ത്.
താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും പാര്‍ലമെന്റ് മന്ദിരവുമെല്ലാം അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് പറഞ്ഞ അസംഖാന്, താജ്മഹല്‍ പൊളിക്കുകയാണെങ്കില്‍ അതിന് യോഗി ആദിത്യനാഥിനെ പിന്തുണക്കുമെന്നും അറിയിച്ചു.
യു.പി ടൂറിസം വകുപ്പിന്റെ 35 പേജ് വരുന്ന ബുക്കിലാണ് താജ്മഹലിനെ ഒഴിവാക്കിയത്. ഇത് വന്‍വിവാദത്തിനാണ് വഴിവച്ചത്. ഇതിനിടയിലാണ് അസംഖാന് വിവാദ പ്രസ്താവന നടത്തിയത്. യോഗി ആദിത്യനാഥിന്റെ തീരുമാനം നല്ലതാണ്. കുറച്ചു കാലങ്ങളായി തുടരുന്ന പ്രശ്നമാണിതെന്നും അസംഖാന് പറഞ്ഞു.
അതിനിടയില്‍ താജ്മഹല്‍ വിഷയത്തില്‍ വിശദീകരണവുമായി ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി രംഗത്തെത്തി. എല്ലാ സ്മാരകങ്ങളും നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകങ്ങളാണ്. അതുകൊണ്ടുതന്നെ താജ്മഹല്‍ ലോകാത്ഭുതമാണെന്നും ഇതിന്റെ പുനരുദ്ധാനത്തിനായി സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും ടൂറിസം മന്ത്രി റിത്താ ബഹുഗുണ ജോഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."