സഹകരണ വകുപ്പ്: കോര്‍ ബാങ്കിങ് പൊതു സോഫ്റ്റ്‌വെയര്‍ പ്രായോഗികമല്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട്
തൊടുപുഴ: സഹകരണ വകുപ്പില്‍ കോര്‍ ബാങ്കിങ് പൈലറ്റ് പദ്ധതിക്ക് ഏര്‍പ്പെടുത്തിയ പൊതു സോഫ്റ്റ്‌വെയര്‍ പ്രായോഗികമല്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐ.ടി വിദഗ്ധന്‍ ആദിശേഷ അയ്യരാണ് സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി. വേണുഗോപാലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അക്കൗണ്ടിങിന് പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കിയത് ഇടുക്കി ജില്ലയിലാണ്.
നെലീറ്റോയുടെ ഫിന്‍ക്രാഫ്റ്റ് സേഫ്റ്റ്‌വെയറാണ് ആദ്യഘട്ടമായി ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ ചെയര്‍മാനായ പ്രൈമറി ബാങ്കിങ് മോഡനൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തള്ളി ഏര്‍പ്പെടുത്തിയ സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു.
ജൂലൈ 25ന് ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ബാങ്ക് സെക്രട്ടറിമാരുടെയും യോഗത്തില്‍ ആദിശേഷ അയ്യരോട് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബികയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ആദിശേഷ അയ്യര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സോഫ്റ്റ്‌വെയറിന്റെ പോരായ്മകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ വെബ് ബേസ്ഡ് അല്ല എന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണിത്. തര്‍ജ്ജമ അസാധ്യമാണെന്നതും ബാക്ക് ഹിസ്റ്ററി ലഭ്യമാകില്ലെന്നതും പോരായ്മയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന തുക തടയുമെന്നാണ് സൂചന.
ഇന്നലെ തിരുവനന്തപുരത്ത് സഹകരണ വകുപ്പ് ഓഡിറ്റ് ഡയറക്ടര്‍ വി. സനല്‍കുമാര്‍ വിളിച്ചുചേര്‍ത്ത ജോയിന്റ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയ പൈലറ്റ് പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടന്നു. ഇതുസംബന്ധിച്ചുള്ള വകുപ്പുതല റിപ്പോര്‍ട്ട് തയാറാക്കാന്‍ ഇടുക്കി ജോയിന്റ് ഡയറക്ടര്‍ സഹദേവനെ ഓഡിറ്റ് ഡയറക്ടര്‍ ചുമതലപ്പെടുത്തി. ഐ.സി.ഡി.പി (ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് പ്രൊജക്ട്) പദ്ധതി പ്രകാരം ഓരോ ബാങ്കുകള്‍ക്കും 10 ലക്ഷം രൂപ വീതം വായ്പ അനുവദിച്ചാണ് ഫിന്‍ക്രാഫ്റ്റ് എന്ന സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയത്. 2018ല്‍ കേരളാ ബാങ്ക് നിലവില്‍ വന്നതിന് ശേഷം ഇസ്റ്റാസ് സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന പ്രൈമറി ബാങ്കിങ് മോഡനൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ് തള്ളിയത്. ഇടുക്കി ജില്ലയിലെ 71 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 41 എണ്ണമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."