ആള്‍ദൈവത്തിനു മുന്പില് വിനീതരായി പൊലിസ്; അന്വേഷണത്തിന് ഉത്തരവിട്ടു
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള് ദൈവം രാധേ മായ്ക്ക് ഡല്‍ഹി പൊലിസ് സ്റ്റേഷനില്‍ വി.ഐ. പി സ്വീകരണം. ഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലിസ് സ്റ്റേഷനിലാണ് ആള്‍ദൈവത്തിന് ഭക്തരായ ഉദ്യോഗസ്ഥര്‍ വി.ഐ.പി പരിഗണന നല്‍കിയത്.
സ്റ്റേഷന് ഹൗസ് ഓഫിസര്‍ സഞ്ജയ് ശര്‍മ തന്റെ കസേര ഒഴിഞ്ഞു കൊടുത്ത് ഇവിടെ ആള്‍ദൈവത്തെ ഇരുത്തുകയും ചെയ്തു. ഇവര്‍ പൊലിസ് ഉദ്യോഗസ്ഥന്റെ കസേരയില്‍ ഇരിക്കുന്നതിന്റെയും സഞ്ജയ് ശര്‍മ ആള് ദൈവത്തിന്റെ ഷാള്‍ കഴുത്തിലിട്ട് കൈ കൂപ്പി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് പുറത്തുവിട്ടത്.
ആള് ദൈവം അകത്തുകയറിയതുമുതല് പൊലിസുകാര്‍ രാധേ രാധേ എന്ന് ആര്ത്തുവിളിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള മഹാ അഷ്ടമിയ്ക്കിടെയാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. രാം ലീലയിലെ ചടങ്ങിനെത്തിയ രാധയെ സ്റ്റേഷന് ഓഫിസറായ സഞ്ജയ് ശര്‍മ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പൊലിസുകാര്‍ രാധയ്ക്കൊപ്പം പാട്ടുപാടുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലിസ് അന്വേഷണത്തിന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."