ഇവര്‍ നാളെയുടെ നക്ഷത്രങ്ങള്‍
ഭാവിയില്‍ ഫുട്‌ബോള്‍ ലോകം കീഴടക്കുന്നത് ഈ ഒന്‍പത് താരങ്ങളാകും. അണ്ടര്‍ 17 ലോകകപ്പിലൂടെ ഉദയം ചെയ്ത താരങ്ങള്‍ ഏറെയുണ്ട്. ആരാവും ഈ ലോകകപ്പിന്റെ കണ്ണും മനവും കീഴടക്കുക. കാല്‍പന്തുകളിയില്‍ പ്രവചനം അസാധ്യമാണ്. എങ്കിലും മേഖലാ ചാംപ്യന്‍ഷിപ്പുകളിലും ക്ലബ് ഫുട്‌ബോളിലും മികച്ച പ്രകടനം പുറത്തെടുത്ത ഇവരാകും നാളെയുടെ താരങ്ങള്‍. ഈ താരങ്ങളില്‍ പലരുടെയും പേരുകള്‍ സോക്കര്‍ പ്രേമികള്‍ ആദ്യമായിട്ടാകും കേള്‍ക്കുന്നത്. എന്നാല്‍, ഈ ലോകകപ്പ് കഴിയുന്നതോടെ ലോക ഫുട്‌ബോളില്‍ ഈ പുതിയ നാമങ്ങള്‍ നിറഞ്ഞു നില്‍ക്കാം.
ആബേല്‍ റൂയിസ് (സ്‌പെയിന്‍)
ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയില്‍ ലയണല്‍ മെസ്സിയുടെ പിന്‍ഗാമി. ഡേവിഡ് വിയ്യക്ക് ശേഷം സ്‌പെയിനിന്റെ ഏറ്റവും മികച്ച ഫോര്‍വേഡ് എന്ന വിശേഷണം ലഭിച്ച താരം. അണ്ടര്‍ 17ല്‍ സ്‌പെയിനിനായി 29 കളികളില്‍ 19 ഗോളടിച്ചു. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നാല് ഗോള്‍. യൂറോപ്യന്‍ യോഗ്യതാ റൗണ്ടിന്റെ ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പിച്ച സ്പാനിഷ് പടയെ നയിച്ച നായകന്‍. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സില്‍വര്‍ ബൂട്ട് നേടിയ താരം ടൂര്‍ണമെന്റിലെ ബെസ്റ്റ് ഇലവനിലും ഇടം നേടി. ഓഗസ്റ്റില്‍ ബാഴ്‌സലോണ ബി ടീമില്‍ അരങ്ങേറ്റം.
ജെയ്ദന്‍ സാഞ്ചൊ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ ഭാവി ലോകത്തോര താരം. അണ്ടര്‍ 17 ലോകകപ്പില്‍ മാത്രമല്ല അടുത്ത സീനിയര്‍ ലോകകപ്പിലും കളിക്കാന്‍ ഭാഗ്യം തേടി എത്തുക സാഞ്ചൊസിനെയാകും. പ്രൊഫഷനല്‍ അരങ്ങേറ്റത്തിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. എങ്കിലും ഈ കൗമാര താരത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ്. വാട്‌ഫോര്‍ഡ് ക്ലബിന്റെ യൂത്ത് ഡവലപ്‌മെന്റ് പദ്ധതിയിലൂടെ കഴിവ് തേച്ചുമിനുക്കിയ സാഞ്ചൊ 2015 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എലൈറ്റ് ഡവലപ്‌മെന്റ് ടീമില്‍ അംഗമായി. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനായി അഞ്ച് ഗോളടിച്ചു. ചാംപ്യന്‍ഷിപ്പിലെ മികച്ച താരവും സാഞ്ചൊ തന്നെയായിരുന്നു. സീസണില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ ചേര്‍ന്നു.
ജോഷ് സാര്‍ജന്റ് (അമേരിക്ക)
ജോഷ് സാര്‍ജന്റ് നേടിയ അഞ്ച് ഗോളിന്റെ സമ്പാദ്യമാണ് കോണ്‍കകാഫ് യോഗ്യതാ ചാംപ്യന്‍ഷിപ്പ് യു.എസ്.എക്ക് സമ്മാനിച്ചതും ലോകകപ്പ് യോഗ്യത നേടികൊടുത്തതും. തൊട്ടു പിന്നാലെ അണ്ടര്‍ 20 ടീമിലേക്ക് വിളി എത്തി. സാര്‍ജന്റിന് മുന്‍പ് ഒരേ വര്‍ഷം അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പ് കളിച്ച മറ്റൊരു താരം ഫ്രെഡി അഡു മാത്രമാണ്. അണ്ടര്‍ 20 അമേരിക്കന്‍ ടീമിനായി ഗോളടിച്ച പ്രായം കുറഞ്ഞ താരവും സാര്‍ജന്റ് മാത്രമാണ്. അണ്ടര്‍ 20 ലോകകപ്പില്‍ നേടിയത് നാല് ഗോള്‍. അണ്ടര്‍ 17 തലത്തില്‍ 18 ഗോള്‍ സമ്പാദ്യം. ജര്‍മന്‍ ടീം വെര്‍ഡര്‍ ബ്രെമനില്‍ ചേരാന്‍ കരാറൊപ്പിട്ടു കഴിഞ്ഞു സാര്‍ജന്റ്.
ജോണ്‍ ഫിറ്റെ ആര്‍പ് (ജര്‍മനി)
ലോകം കാത്തിരിക്കുന്ന അത്ഭുത ബാലന്‍. ജര്‍മനിയില്‍ ഏറ്റവും മികച്ച യുവ കളിക്കാരന് ലഭിക്കുന്ന ഫ്രിറ്റ്‌സ്‌വാള്‍ടര്‍ മെഡല്‍ ഇത്തവണ ആര്‍പ് നേടി. ടിമൊ വെര്‍ണര്‍, ലിയോണ്‍ ഗൊരറ്റ്‌സ്‌ക, മാരിയൊ ഗോട്‌സെ തുടങ്ങി ഈ ബഹുമതി നേടിയവരെല്ലാം സീനിയര്‍ ടീമില്‍ കളിച്ചിട്ടുണ്ട്. ചെല്‍സിയിലേക്ക് ക്ഷണം എത്തിയിട്ടും നിരസിച്ച താരം. ഹാംബര്‍ഗില്‍ കളിക്കുകയും പഠനം പൂര്‍ത്തിയാക്കുകയും വേണമെന്ന വാശിയിലാണ് ഈ കൗമാര പ്രതിഭ. ഏഴ് ഗോളാണ് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലെ സമ്പാദ്യം. സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ജര്‍മനിയുടെ അത്ഭുത ബാലന്‍ ചാംപ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍മാരിലെ രണ്ടാമനായി.
അമീന്‍ ഗൂരി (ഫ്രാന്‍സ്)
പ്രതിരോധ നിരകളുടെ പേടി സ്വപ്‌നമായ കൗമാര പ്രതിഭ. കെയ്‌ലിയന്‍ എംബാപ്പെ, ഉസ്മാന്‍ ദെംബെലെ തുടങ്ങി നിരവധി യുവ കളിക്കാരുണ്ട് ഫ്രഞ്ച് ടീമില്‍. വൈകാതെ ആ പട്ടികയില്‍ ഒളിംപിക് ലിയോണ്‍ താരമായ അമീന്‍ ഗൂരിയും എത്തും. യൂറോപ്യന്‍ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പില്‍ പ്രതിരോധ നിരകകളെ കീറിമുറിച്ച് ഭയം വിതച്ച താരം. നാല് കളികളിലെ ഗോള്‍ സമ്പാദ്യം എട്ട്. യൂറോപ്പിലെ അവസാന ബെര്‍ത്ത് നിശ്ചയിക്കാനുള്ള ഹംഗറിക്കെതിരായ പ്ലേ ഓഫിലും അമീന്‍ സ്‌കോര്‍ ചെയ്തു ഫ്രാന്‍സിന്റെ രക്ഷകനായി.
ജിബ്രീല്‍ ടൂറെ (ഗ്വിനിയ)
ജിബ്രീലിന്റെ ചുമലിലാണ് അണ്ടര്‍ 17 ലോകകപ്പില്‍ ഗ്വിനിയയുടെ പ്രതീക്ഷകള്‍. ആഫ്രിക്കന്‍ ചാംപ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍. ഗാബോണിനെതിരായ ഉദ്ഘാടന പോരാട്ടത്തില്‍ ഹാട്രിക് സമ്മാനിച്ചു. നൈജറിനെതിരായ ലൂസേഴ്‌സ് ഫൈനലില്‍ ഇരട്ട ഗോള്‍ സമ്പാദ്യം. ജിബ്രീല്‍ ഗോളടിച്ചില്ലെങ്കില്‍ ഗ്വിനിയ പരുങ്ങും. വിങിലാണ് ടൂറെയുടെ കളി. പോരാട്ടത്തിനിടെ മധ്യനിരയിലേക്ക് എത്തി ജിബ്രീല്‍ സ്‌കോര്‍ ചെയ്യും.
റിയാന്‍ ബ്രൂസ്റ്റര്‍ (ഇംഗ്ലണ്ട്)
ലിവര്‍പൂള്‍ അക്കാദമിയുടെ ഏറെ പ്രതീക്ഷയുള്ള യുവ താരം. തുടക്കം ചെല്‍സി അക്കാദമിയിലൂടെ. ചെല്‍സിയില്‍ നിന്ന് റിയാനെ ലിവര്‍പൂള്‍ റാഞ്ചുകയായിരുന്നു. ലിവര്‍പൂളിന്റെ അണ്ടര്‍ 23 ടീമില്‍ അംഗമാണ് പതിനേഴാം വയസില്‍ റിയാന്‍. അണ്ടര്‍ 23 ടീമിനായി നിരവധി ഗോളുകള്‍ നേടി. ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് സീനിയര്‍ ടീമിനൊപ്പം പരിശീലനത്തിന് റിയാനെ ക്ഷണിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ സീനിയര്‍ ടീമിന്റെ റിസര്‍വ് നിരയില്‍ സ്ഥാനം നേടി.
മുഹമ്മദ് ദാവൂദ് (ഇറാഖ്)
ഇന്ത്യയില്‍ കരുത്ത് തെളിയിച്ച താരമാണ് മുഹമ്മദ് ദാവൂദ്. ഗോവയില്‍ നടന്ന അണ്ടര്‍ 16 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇറാഖിനെ കിരീടത്തിലേക്ക് നയിച്ച താരം. തെക്കന്‍ കൊറിയ, ജപ്പാന്‍, ഇറാന്‍ തുടങ്ങിയ കരുത്തുറ്റ ടീമുകളൊക്കെ ഇറാഖിന് മുന്നില്‍ കീഴടങ്ങി. ആറ് ഗോളുകളാണ് ദാവൂദ് നേടിയത്. ജപ്പാനെതിരായ സെമി ഫൈനലില്‍ ഹാട്രിക് സമ്മാനിച്ചു. ചാംപ്യന്‍ഷിപ്പിലെ മികച്ച താരവും ടോപ് സ്‌കോററും.
യൂസുഫ് കോയ്റ്റ (മാലി)
ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ ഇത്തവണത്തെ ഹീറോയാണ് ഈ കൗമാര കാവല്‍ക്കാരന്‍. അഞ്ച് കളികളില്‍ മൂന്നിലും കോയ്റ്റയെ കീഴടക്കാന്‍ എതിരാളികള്‍ക്കായില്ല. ആകെ വഴങ്ങിയത് രണ്ട് ഗോള്‍ മാത്രം. മാലി പ്രതിരോധത്തിലെ ഉരുക്ക് ഭിത്തിയാണ് കോയ്റ്റ. ഗിനിയക്കെതിരെയുള്ള സെമി ഫൈനല്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയും ഷൂട്ടൗട്ടില്‍ എതിരാളികളുടെ നാല് പെനാല്‍റ്റികളും തട്ടിയകറ്റുകയും ചെയ്തു കോയ്റ്റ. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ജിബ്രീല്‍ ടൂറെയും കോയ്റ്റക്ക് മുന്നില്‍ നിഷ്പ്രഭനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."