മുന്‍മന്ത്രി അടൂര്‍ പ്രകാശ് നല്‍കിയത് വ്യാജപട്ടയങ്ങളെന്ന് റവന്യൂവകുപ്പ്
തിരുവനന്തപുരം: മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പത്തനംതിട്ട കോന്നിയില്‍ വിവിധ മതസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയത് വ്യാജ പട്ടയങ്ങളെന്ന് റവന്യൂ വകുപ്പ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളെ കബളിപ്പിക്കാനാണ് നിയമംലംഘിച്ച് പട്ടയം നല്‍കിയതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവുപോലുമില്ലാതെ സര്‍വ നിയമങ്ങളും ലംഘിച്ച് തയാറാക്കിയ 1,843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. 4,126 പേര്‍ക്ക് പട്ടയം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. പട്ടയം തയാറാക്കുന്നതിന് മുന്‍പ് റാന്നി ഡി.എഫ്.ഒ ഈ സ്ഥലം റിസര്‍വ് വനമാണെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര വനംവകുപ്പിന്റെ അനുമതിയില്ലാതെ നല്‍കുന്ന പട്ടയത്തിന് സാധുതയില്ലെന്നും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
സര്‍വേ വകുപ്പിലെ ഹെഡ് സര്‍വേയറെ അസിസ്റ്റന്റ് ഡയരക്ടറെ മറികടന്ന് ഡെപ്യൂട്ടി ഡയരക്ടറാക്കിയാണ് പട്ടയം കൊടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. പട്ടയം നല്‍കിയശേഷം ഇവരെ പഴയ തസ്തികകളില്‍ വീണ്ടും നിയമിച്ചു.
പട്ടയം കൊടുക്കുന്ന ഭൂമിയുടെ സര്‍വേ നടത്തിയിരുന്നില്ല. പട്ടയമേള നടക്കുമ്പോള്‍പോലും പട്ടയം കൊടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി പരസ്യപ്പെടുത്തണമെന്ന നിബന്ധനയും പാലിച്ചില്ല. ഭൂമിയുടെ മഹസര്‍ തയാറാക്കുകയും വനാതിര്‍ത്തി നിശ്ചയിക്കുകയും ചെയ്തില്ല. ഭൂമി ഏതിനത്തില്‍പ്പെട്ടതാണെന്നും നോക്കിയില്ല. ഓഫിസിലിരുന്ന് ഭൂപടം നോക്കിയാണ് പട്ടയം തയാറാക്കിയത്. ഈ സാഹചര്യത്തിലാണ് അടൂര്‍ പ്രകാശ് കോന്നിയില്‍ നല്‍കിയത് വ്യാജപട്ടയങ്ങളാണെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ കോന്നി തഹസില്‍ദാരോട് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."