സിത്താര്‍ തന്ത്രികളില്‍ ലോക റെക്കോര്‍ഡിന്റെ വിസ്മയവുമായി കെ.എം രാധാകൃഷ്ണന്‍
കൊച്ചി: തുടര്‍ച്ചയായ 29 മണിക്കൂര്‍ സിത്താര്‍ വാദനത്തിലൂടെ കെ.എം രാധാകൃഷ്ണന്‍ ലോക റെക്കോര്‍ഡിന് ഉടമയായി. ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സിത്താര്‍ കച്ചേരി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്. 29 മണിക്കൂറും 11 മിനുട്ടും നീണ്ടു നിന്നു ഈ റെക്കോര്‍ഡ് പ്രകടനം. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി കച്ചേരി നടത്തിയ ശേഷം പത്തു മിനുട്ടുമാത്രമാണ് ഇടവേളയെടുത്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഇന്ത്യന്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കച്ചേരി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗിന്നസ് വേള്‍ഡ് അധികൃതരില്‍നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് ആറു മാസമെടുക്കും.
അഹമ്മദാബാദ് സ്വദേശിനി രേണുക പുന്‍വാണിയുടെ പേരിലുള്ള 25 മണിക്കൂര്‍ 13 മിനുട്ട് ഗിന്നസ് റെക്കോര്‍ഡാണ് രാധാകൃഷ്ണന്‍ തകര്‍ത്തത്. 28 മണിക്കൂര്‍ ലക്ഷ്യമിട്ടാണ് രാധാകൃഷ്ണന്‍ സിത്താര്‍ വായന ആരംഭിച്ചത്. പിന്നീട് ആസ്വാദകരുടെ താല്‍പര്യപ്രകാരം സിത്താര്‍ വാദനം നീളുകയായിരുന്നു. കര്‍ണാടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതവും മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും മലയാള നാടക ഗാനങ്ങളും സിത്താറിലൂടെ കേട്ടത് ആസ്വാദകര്‍ക്ക് പുതിയൊരനുഭവമായി. തന്റെ സംഗീത സപര്യയില്‍ 17വര്‍ഷത്തോളം പിന്നിട്ട രാധാകൃഷ്ണന്‍ ഇന്ത്യയിലും വിദേശത്തും നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കലാഭവന്റെ സ്ഥിരം തബലിസ്റ്റ് കൂടിയാണ് രാധാകൃഷ്ണന്‍. പന്ത്രണ്ടുവര്‍ഷം മുന്‍പാണ് സിത്താര്‍ വാദ്യത്തിലേക്കു ശ്രദ്ധയൂന്നിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."