കാഴ്ച വിസ്മയമൊരുക്കി കുന്നിന്‍ മുകളിലെ കരനെല്ലിന്റെ പച്ചപ്പ്
മാനന്തവാടി: കല്ലോടി-അയിലമൂല റോഡിനോട് ചേര്‍ന്ന കുന്ന് രണ്ടു മാസം മു്‌റപ് വരെ ഇതു വഴിയെത്തുന്ന ആരും നോക്കിയിരുന്നില്ല.
ഒരാള്‍ പൊക്കത്തില്‍ കാട് വളര്‍ന്ന് നില്‍ക്കുന്ന കുന്നില്‍ കാഴ്ചകളൊന്നുമുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ ഈ കുന്നിന് പച്ച നിറമാണ്. വളര്‍ന്ന് മനോഹര കാഴ്ചയൊരുക്കി നില്‍ക്കുന്ന നെല്‍വയലിനെ അനുസ്മരിപ്പിക്കുന്ന കാഴ്ച.
മൂന്നേക്കര്‍ കുന്നിന്‍ പ്രദേശമാണ് കരനെല്‍കൃഷിയിലൂടെ പച്ചപ്പണിഞ്ഞ് നില്‍ക്കുന്നത്.
കര്‍ഷക ദമ്പതികളായ നിരപ്പുതെട്ടിയില്‍ മാത്യുവിന്റെയും ഭാര്യ ഹെലന്‍ മാത്യുവിന്റെയും അധ്വാനത്തിന്റെ ഫലമാണിത്. ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയിലുണ്ടായിരുന്ന മെഡിക്കല്‍ റപ്പ് ജോലി ഉപേക്ഷിച്ച് സയന്‍സ് ബിരുദ ധാരിയായ മാത്യു കുടകില്‍ ഇഞ്ചി കൃഷി നടത്തിയാണ് കാര്‍ഷിക രംഗത്ത് സജീവമായത്. പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല വരുമാനം ആദ്യഘട്ടങ്ങളില്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് എല്ലാം നഷ്ടത്തിലേക്ക് കൂപ്പു കുത്തി. വീട് നിര്‍മാണത്തിനായി ഇറക്കി വച്ച കല്ലുകള്‍ പോലും വില്‍ക്കേണ്ടി വന്നെങ്കിലും കാര്‍ഷിക വൃത്തിയില്‍ തന്നെ പിടിച്ചു നില്‍ക്കുകയാിരുന്നു.
സ്വന്തമായുള്ള അഞ്ചേക്കറോളം ഭൂമിയില്‍ ഗ്രാമ്പു, ഏലം, കാപ്പി, അടക്ക, മുളക് തുടങ്ങിയ വിവിധ കൃഷികള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ ആദ്യമായാണ് ഇവര്‍ കരനെല്‍കൃഷി പരീക്ഷിക്കുന്നത്. എടവക കൃഷിഭവന്റെ സഹായത്തോടെയായിരുന്നു കൃഷി.
നേരത്തെ റബറും പിന്നീട് കശുമാവും കൃഷി ചെയ്തിരുന്ന സ്ഥലം ഇവ രണ്ടിലും പ്രതീക്ഷ നശിച്ചതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വേരോടെ വെട്ടി മാറ്റിയ ശേഷം കാട് മൂടി ക്കിടക്കുകയായിരുന്നു.
എടവക കൃഷിഭവനിലെ കൃഷി ഓഫിസര്‍ മമ്മൂട്ടി, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സുഭാഷ്, ഗീത എന്നിവരുടെ പ്രോത്സാഹനമാണ് കുന്നിന്‍ മുകളില്‍ നെല്‍കൃഷിക്ക് ഇവരെ പ്രേരിപ്പിച്ചത്.
കൃഷിഭവനിലൂടെ സബ്‌സിഡി നിരക്കില്‍ ലഭിച്ച 90 കിലോ അന്നപൂര്‍ണ്ണ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരുക്കുന്നത്. ജലസേചനത്തിനായി 1500 മീറ്റര്‍ ദൂരെ നിന്നും വെള്ളം പന്‍പ് ചെയ്ത് കൃഷിയിടത്തില്‍ സ്ഥാപിച്ച സ്പ്രിങല്‍ വഴി നനക്കുകയാണ് ചെയ്യുന്നത്.
സ്വന്തമായി നിര്‍മിക്കുന്ന ജൈവ വളമാണ് ഉപയോഗിക്കുന്നത്. മാത്യുവും ഭാര്യയും പിന്നെ അത്യാവശ്യഘട്ടത്തില്‍ ഒരു ജോലിക്കാരനുമാണ് കുഷിയിടത്തില്‍ പ്രവൃത്തികള്‍ ചെയ്യുന്നത്. രണ്ട് മാസം മുന്‍പ് ഞാറ് നട്ട കൃഷിയിടത്തില്‍ നിലവില്‍ ചെടികള്‍ കതിരിട്ടു തുടങ്ങിയിട്ടുണ്ട്. അടുത്തമാസത്തോടെ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."