ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ കരുത്തില്‍ പാലപ്പിള്ളി പാലത്തിന് നൂറ് വയസ്
പാലപ്പിള്ളി: നിര്‍മ്മാണത്തിലും സാങ്കേതികവിദ്യയിലും ആശ്ചര്യമായി നില്‍ക്കുകയാണ് പാലപ്പിള്ളി കാരിക്കുളം പാലം. 1917ല്‍ നിര്‍മ്മാണം ആരംഭിച്ച പാലം 1921 ലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
വനഭൂമി പാട്ടത്തിനെടുത്ത ബ്രിട്ടീഷുക്കാരാണ് കുറുമാലിപ്പുഴക്ക് കുറുകെ പാലം നിര്‍മ്മിച്ചത്.1905 ല്‍ പാലപ്പിള്ളിയില്‍ റബ്ബര്‍ പ്ലാന്റേഷന്‍ ആരംഭിക്കുകയും കുറുമാലിപ്പുഴയുടെ മറുകരയില്‍ പ്ലാന്റേഷന്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയാണ് പാലവും റോഡും നിര്‍മ്മിച്ചത്. പാലം പണി പൂര്‍ത്തീകരിച്ചതോടെ കാരികുളം, ചൊക്കന, കുണ്ടായി എന്നിവിടങ്ങളിലും വിദേശ കമ്പനികള്‍ റബ്ബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചു.
ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി റബ്ബര്‍ പ്ലാന്റേഷനുകളായി മാറിയപ്പോള്‍ പാലവും റോഡും അത്യന്താപേഷിതമായി തീര്‍ന്നു. ഈ മേഖലകളിലെല്ലാം കമ്പനി, തൊഴിലാളികള്‍ക്കായി പാഡികളും ഉദ്യോഗസ്ഥര്‍ക്കായി ബംഗ്ലാവുകളും ക്വാര്‍ട്ടേഴ്‌സുകളും പടുത്തുയര്‍ത്തിയപ്പോള്‍ പാലത്തിന്റെ ആവശ്യകതയും ജനങ്ങള്‍ക്ക് വര്‍ദ്ധിച്ചു.
പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ മേഖലയില്‍ കുടിയേറ്റക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു.കരിങ്കല്‍ കെട്ടിയുയര്‍ത്തിയ തൂണുകളില്‍ ഉരുക്കു ബീമുകള്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.ബ്രിട്ടീഷ് കമ്പനി ഉദ്യോഗസ്ഥരായ ജോസഫ്, ലോഗന്‍,ജമീന്ദര്‍ ചിന്നസ്വാമി എന്നിവര്‍ ചേര്‍ന്നാണ് 1921 ഏപ്രില്‍ മാസത്തില്‍ പാലം തുറന്ന് കൊടുത്തത്. ഉദ്ഘാടന സമയത്ത് ഇവരുടെ പേരുകള്‍ ആലേഖനം ചെയ്തത് ഇപ്പോഴും പാലത്തിന്റെ ചുവരില്‍ ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.
ദൂരെ നിന്ന് നോക്കുമ്പോള്‍ ചെറിയ വാഹനങ്ങള്‍ പോലും പാലത്തിലൂടെ കടന്നു പോകുമോ എന്ന് സംശയം ഡ്രൈവര്‍മാര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ വീതിക്കുറഞ്ഞ പാലത്തിലൂടെ സ്വകാര്യ ബസ്സുകളടക്കം വലിയ ലോറികളും സുഗമമായി കടന്ന് പോകുന്നത് ഇപ്പോഴും അത്ഭുതമായാണ് നമുക്ക് അനുഭവപ്പെടുന്നത്. പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന പുതിയ പാലങ്ങള്‍ക്കു വരെ അപകടങ്ങള്‍ സംഭവിക്കുമ്പോഴും ഒരു നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച ഈ പാലം യാതൊരു കേടുപാടുകളും കൂടാതെ നിലനില്‍ക്കുന്നതും മറ്റൊരു അത്ഭുതമാണ്.
പ്രളയത്തെയും ഉരുള്‍പ്പൊട്ടലിനേയും അതിജീവിച്ച ഈ പാലത്തിന് ഇതുവരെ അറ്റകുറ്റപണികളും നടത്തേണ്ടി വന്നിട്ടില്ല.എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം പാലത്തിന്റെ കൈവരികളിലും തൂണുകളിലും കാടുകയറിയ നിലയിലാണ്.കരിങ്കല്‍ ഭിത്തികളില്‍ മരങ്ങളുടെ വേരുകള്‍ പടര്‍ന്നു കയറിയ നിലയിലാണ്. വേരുകളും കാടുകളും നീക്കം ചെയ്ത് സംരക്ഷിച്ചാല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ഓര്‍മ്മയായി ഈ പാലം ഇനിയും പതിറ്റാണ്ടുകള്‍ നിലനിന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."