ഹജ്ജ് തീര്‍ഥാടകരെ പരമാവധി ചൂഷണം ചെയ്യാനുള്ള പദ്ധതികളുമായി കേന്ദ്രം
കോഴിക്കോട്: കേന്ദ്രം പുറത്തു വിട്ട പുതിയ ഹജ്ജ് നയത്തിന്റെ കരടിലെ നിര്‍ദേശങ്ങള്‍ക്കെതിരേ വ്യാപക വിമര്‍ശനമുയരുന്നതിനിടയില്‍ തീര്‍ഥാടനം പരമാവധി കച്ചവടവത്കരിക്കാനുള്ള നീക്കവും സജീവമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്ന് അഞ്ചു ശതമാനം വെട്ടിക്കുറച്ചതും 45 വയസിന് മേലെയുള്ള സ്ത്രീകള്‍ക്ക് മെഹറം ആവശ്യമില്ലെന്നതും സ്വകാര്യമേഖലയിലുള്ളവര്‍ക്ക് സഹായം ചെയ്യാനാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ക്വാട്ട വെട്ടിക്കുറച്ച് സ്വകാര്യമേഖലക്ക് നല്‍കുന്ന നടപടി നടാടെയാണ്. അതുപോലെ ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗം പോലുമായ മെഹറം സംവിധാനം വേണ്ടെന്നു വെക്കുന്നതും സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും പറയപ്പെടുന്നു. അടുത്ത ബന്ധുവിനെയല്ലാതെ മെഹറമായി ആരുടെയെങ്കിലും പേരു നല്‍കി സ്വകാര്യ ഗ്രൂപ്പുകള്‍ തീര്‍ഥാടകരെ കൊണ്ടു പോകാറുണ്ട്. ഇതിനെല്ലാം പുറമേ ഹജ്ജ് യാത്രക്കാരെ സാമ്പത്തികമായി പരമാവധി ചൂഷണം ചെയ്യുന്ന നടപടികളാണ് ഇപ്പോഴും തുടര്‍ന്നു വരുന്നത്.
ഹജ്ജ് അപേക്ഷ നല്‍കുന്നതു മുതല്‍ തുടങ്ങി തിരികെ നാട്ടിലെത്തുന്നതുവരേ ഓരോ ഹാജിയെയും പിഴിയുന്ന നിലപടാണ് കേന്ദ്രത്തിനുള്ളത്. അപേക്ഷാ ഫീസെന്ന നിലയില്‍ വന്‍ തുകയാണ് വര്‍ഷാ വര്‍ഷം സര്‍ക്കാരിന് ലഭിക്കുന്നത്. ഓരോ തവണയും ലക്ഷക്കണക്കിന് പേരില്‍ നിന്നായി മുന്നൂറു രൂപ അപേക്ഷാ ഫീസ് വാങ്ങുന്നതിലൂടെ വന്‍ തുകയാണ് കേന്ദ്രത്തിന് കിട്ടുന്നത്. ഒറ്റത്തവണ അപേക്ഷ സ്വീകരിക്കുന്ന നടപടിയുണ്ടാവണമെന്ന് കേരളം കേന്ദ്രത്തോട് നിര്‍ദേശം വച്ചെങ്കിലും അത് നിര്‍ദാക്ഷിണ്യം തള്ളുകയായിരുന്നു.
ഹാജിമാരെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്ന മറ്റൊരു വഴിയാണ് വിമാനക്കൂലി. സീസണിലെ ഏറ്റവും കൂടുതലുള്ള നിരക്കിലേക്കാള്‍ കൂടുതലാണ് ഹാജിമാരില്‍ നിന്ന് വിമാനയാത്രാക്കൂലിയായി ഈടാക്കുന്നത്. സബ്‌സിഡി സ്വീകരിക്കുന്നു എന്ന ചീത്തപ്പേര് ഹാജിമാര്‍ക്ക് മേല്‍ ചാര്‍ത്തുകയും അതേയവസരത്തില്‍ യാത്രാക്കൂലിയില്‍ കൊള്ള നടത്തുകയും ചെയ്യുന്ന നടപടി കൊല്ലങ്ങളായി കേന്ദ്രം തുടരുകയാണ്. 10,750 രൂപയാണ് സബ്‌സിഡിയിനത്തില്‍ ഹാജിമാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ വിമാനക്കൂലിയിനത്തില്‍ നല്ലൊരുസംഖ്യ ഓരോ വര്‍ഷവും ഈടാക്കുന്നുണ്ട്. 2016ല്‍ 60,185 രൂപയായിരുന്നു വിമാനയാത്രക്കായി ഓരോരുത്തരില്‍ നിന്നും ഈടാക്കിയതെങ്കില്‍ ഇത്തവണ അത് 77,812 രൂപയായി ഉയര്‍ന്നു. ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ ഹാജിമാരെ കൊണ്ടുപോകാന്‍ വേണ്ടി മാത്രമായി വരുന്നതിനാലാണ് ഇത്രയും തുക വരുന്നതെന്നാണ് വിമാനക്കമ്പനിക്കാരും കേന്ദ്രവുമൊക്കെ ന്യായീകരണം പറയുന്നത്. എന്നാല്‍ ഹജ്ജ് വിമാന സര്‍വിസിന്് ആഗോള തലത്തില്‍ ടെണ്ടര്‍ വിളിച്ചാല്‍ കേവലം മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയ്ക്കുള്ള തുകയ്ക്ക് യാത്ര ഒരുക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പക്ഷേ ഇതംഗീകരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് മാത്രമല്ല, വിമാനക്കമ്പനികളുമായി ചേര്‍ന്നുള്ള കൊടിയ ചൂഷണം തുടരുകയും ചെയ്യുകയാണ്.
ഇതോടൊപ്പം പുതിയ ഹജ്ജ് നയത്തിന്റെ നിര്‍ദേശങ്ങളായി പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍ സംസ്ഥാനത്തെ തീര്‍ഥാടകര്‍ക്ക് ഉപദ്രവകരമാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം 2018ല്‍ കോഴിക്കോട് ആയിരിക്കുമെന്ന ഉറപ്പ് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നേരത്തെ നല്‍കിയിരുന്നുവെങ്കിലും അക്കാര്യത്തിലും പിന്നോട്ടു പോവുന്ന നിലപാടാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."