ഹാഫിസ് സഈദിനെതിരേ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഒഴിഞ്ഞുമാറി പാകിസ്താന്‍
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സഈദിനെതിരേ തെളിവുകള്‍ ഹാജരാക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി പാകിസ്താന്‍. തെളിവുകള്‍ പാക് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ സഈദിന്റെ വീട്ടുതടങ്കല്‍ റദ്ദാക്കുമെന്ന് കോടതി പറഞ്ഞു.
സഈദിന്റെ തടങ്കലുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന വാദം കേള്‍ക്കലിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ജനുവരി മുതല്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഹാഫിസ് സഈദ് വീട്ടുതടങ്കലിലാണ്. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിലെ പങ്കിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ തടങ്കലിലാക്കിയത്.
എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ സഈദിന്റെ പങ്കാളിത്വം സംബന്ധിച്ചുള്ള തെളിവുകള്‍ കോടതിയില്‍ ഇതുവരെ സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് സാധിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ വാദം കേള്‍ക്കുന്നതില്‍ ആഭ്യന്തര സെക്രട്ടറി ഹാജരാകാത്തതില്‍ കോടതി രൂക്ഷമായി പ്രതികരിച്ചു.
പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാലം ഒരാളെയും തടഞ്ഞുവയ്ക്കാനാവില്ലെന്ന് ജസ്റ്റിസ് സയ്യിദ് മസ്ഹര്‍ അലി അക്ബര്‍ നഖ്‌വി പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കല്‍ സര്‍ക്കാരിന്റെ ബാധ്യതയാണ്.
കാര്യങ്ങള്‍ തീരുമാനിക്കുന്നത് മന്ത്രിസഭയാണെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടാം. കോടതിയുമായി സഹകരിക്കാന്‍ ആരും തയാറാകുന്നില്ലെങ്കില്‍ നിയമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാമെന്ന് അലി അക്ബര്‍ നഖ്‌വി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 13ന് ഹാജരാകാന്‍ ആഭ്യന്തര സെക്രട്ടറിക്ക് കോടതി ഇന്നലെ സമന്‍സ് അയച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സഈദിനെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് യാതൊരു തെളിവുകളുമില്ലാതെയാണെന്നും അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്നും സഈദിന്റെ അഭിഭാഷകന്‍ എ.കെ ദോഗര്‍ കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."