ഹിമാചല്‍ തെരഞ്ഞെടുപ്പ് നവംബര്‍ 9ന് വോട്ടെണ്ണല്‍ ഡിസംബര്‍ 18ന്
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 68 സീറ്റുകളുള്ള നിയമസഭയിലേക്ക് ഒരുഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍കുമാര്‍ ജ്യോതി, കമ്മിഷണര്‍മാരായ ഓം പ്രകാശ് റാവത്ത്, സുനില്‍ അറോറ അറിയിച്ചു. ഡിസംബര്‍ 18ന് വോട്ടെണ്ണും. ഹിമാചലിനൊപ്പം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും കമ്മിഷന്‍ പ്രഖ്യാപിച്ചെങ്കിലും വോട്ടെടുപ്പ് തിയതി വ്യക്തമാക്കിയില്ല. ഹിമാചലിലെ ഫലം ബാധിക്കാത്ത തരത്തിലും ഡിസംബര്‍ 18ന് ഫലം പ്രഖ്യാപിക്കാന്‍ കഴിയുന്ന വിധത്തിലും ഗുജറാത്തിലും വോട്ടെടുപ്പ് നടത്തുമെന്നാണ് കമ്മിഷന്‍ അറിയിച്ചത്. ഈ മാസം 23 ആണ് നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 27ന് സൂക്ഷ്മപരിശോധന നടക്കും. 27 വരെ പത്രിക പിന്‍വലിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റചട്ടം നിലവില്‍ വന്നതായും കമ്മിഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിനായി കര്‍ശനനിയമങ്ങളും കമ്മിഷന്‍ പ്രഖ്യാപിച്ചു. മൊബൈല്‍ഫോണ്‍ മുഖേനയുള്ള കൂട്ടസന്ദേശങ്ങളും (ബള്‍ക് മെസേജ്), ശബ്ദസന്ദേശങ്ങളും തെരഞ്ഞെടുപ്പുപ്രചാരണത്തിനു കീഴില്‍ വരും. 25 ലക്ഷം രുപയാണ് ഒരോ സ്ഥാനാര്‍ഥിക്കും ചെലവഴിക്കാവുന്ന പരമാവധി തുകയെന്നും കമ്മിഷന്‍ അറിയിച്ചു. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളിലും ഇത്തവണ വിവിപാറ്റ് വോട്ടിങ്ങ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക.
20,00 പുതിയ വോട്ടര്‍മാരുള്‍പ്പെടെ 49.05 ലക്ഷം വോട്ടര്‍മാരാണ് ഹിമാചലിലുള്ളത്. തെരഞ്ഞെടുപ്പിനായി 7,521 പോളിങ്ങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കും. ഇതില്‍ 136 പോളിങ്ങ് സ്‌റ്റേഷനുകള്‍ പുര്‍ണമായും സ്ത്രീകളായിരിക്കും നിയന്ത്രിക്കുക. അടുത്തവര്‍ഷം ജനുവരിയില്‍ ഗുജറാത്ത്, ഹിമാചല്‍ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കും.
68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36 ഉം ബി.ജെ.പിക്ക് 26 ഉം അംഗങ്ങളാണുള്ളത്. ഹിമാചല്‍ ലോകിത് പാര്‍ട്ടിക്ക് ഒരുസീറ്റും ഉണ്ട്. ശേഷിക്കുന്ന അഞ്ചുസീറ്റിലും സ്വതന്ത്രരാണ്. തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ കോണ്‍ഗ്രസും സി.പി.എമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസും 14 സീറ്റുകളില്‍ സി.പി.എമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് പട്ടികയില്‍ 21 പേരും സിറ്റിങ് എം.എല്‍.എമാരാണ്. മുഖ്യമന്ത്രി വീര്‍ഭദ്ര സിങ് തന്നെയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. എന്നാല്‍, ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയോ പാര്‍ട്ടിയെ ആരുനയിക്കുമെന്നോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."