പി.ഒ.കെ ഇന്ത്യയുടേത്
ന്യൂഡല്‍ഹി: കശ്മിരിലേക്ക് സര്‍വകക്ഷി സംഘത്തെ അയയ്‌ക്കേണ്ടെന്നു തീരുമാനം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണു തീരുമാനം.
കശ്മിരിലെ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കശ്മിരിലെ വിഘടനവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പാക് അധീന കശ്മിര്‍ (പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാണെന്ന് യോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല. അതോടൊപ്പം കശ്മിരികളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മിരിലുണ്ടായ സംഭവങ്ങളില്‍ എല്ലാ ഇന്ത്യക്കാരെയുംപോലെ തനിക്കും വേദനയുണ്ട്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരേ സ്വരത്തില്‍ സംസാരിക്കുന്നത് സന്തോഷമുണ്ടാക്കുന്നതാണ്. കശ്മിരില്‍ പാകിസ്താന്റെ പിന്തുണയോടെയുള്ള അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണു നടക്കുന്നതെന്നും മോദി പറഞ്ഞു. കശ്മിരില്‍ സമാധാനം തിരികെകൊണ്ടുവരാനുള്ള എല്ലാ നടപടികള്‍ക്കും പിന്തുണനല്‍കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യോഗത്തില്‍ പറഞ്ഞു.
ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ യോഗം വിളിക്കാന്‍ തയാറായത്.
കശ്മിരില്‍ സമാധാനം കൊണ്ടുവരണമെന്ന് ലോക്‌സഭ
ന്യൂഡല്‍ഹി: കശ്മിരില്‍ സമാധാനം കൊണ്ടുവരണമെന്ന് ലോക്‌സഭ. ഇതുസംബന്ധിച്ച പ്രമേയം സഭ ഐകകണ്‌ഠേന പാസാക്കി. താഴ്‌വരയില്‍ കര്‍ഫ്യൂ തുടരുന്നതില്‍ സഭ ആശങ്ക രേഖപ്പെടുത്തി.
സ്പീക്കര്‍ സുമിത്രാ മഹാജനാണ് പ്രമേയം വായിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണു വേണ്ടതെന്നു പ്രമേയം ആവശ്യപ്പെട്ടു.
ജമ്മുകശ്മിരിലെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ വേണം. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനോടൊപ്പംതന്നെ പ്രധാനമാണു കശ്മിരില്‍ സമാധാനം പുനഃസ്ഥാപിക്കുകയെന്നത്. താഴ്‌വരയില്‍ നിരവധിപേര്‍ മരിച്ചതില്‍ സഭ കടുത്ത വേദനയും ആശങ്കയും രേഖപ്പെടുത്തി.
പ്രമേയം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അവതരിപ്പിക്കണമെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. കശ്മിര്‍ സംബന്ധിച്ച പ്രമേയം സഭ പാസാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയാണ് ആവശ്യപ്പെട്ടത്. രാജ്യം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ആവശ്യപ്പെടണമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."