മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യാക്കുറ്റം; വിദഗ്ധാഭിപ്രായം തേടിയെന്ന് പൊലിസ്
കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച കേസില്‍ ഡോക്ടര്‍മാര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ വിദഗ്ധാഭിപ്രായം തേടിയിട്ടുണ്ടെന്നു പൊലിസ് ഹൈക്കോടതിയെ അറിയിച്ചു.
ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബിലാല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ശ്രീകാന്ത് വലസപ്പള്ളി, ഡോ. പാട്രിക് പോള്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഡോക്ടര്‍മാര്‍ക്കെതിരേ ചുമത്താന്‍ കാരണമെന്തെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ചാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദീകരണം നല്‍കിയത്. ചികിത്സാ പ്രോട്ടോകോള്‍ പ്രകാരം അന്തിമ തീരുമാനത്തിനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ച മുരുകന്റെ തലയ്‌ക്കേറ്റ മാരകമായ പരുക്ക് മരണത്തിന് കാരണമാകും എന്നറിഞ്ഞിട്ടും ചികിത്സ നിഷേധിച്ചതിനാലാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ്, കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയതെന്ന് കൊട്ടിയം പൊലിസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.
അജയനാഥ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഒക്ടോബര്‍ 24നു പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."