മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകളുടെ ആസ്തി കാണാമറയത്ത്
കണ്ണൂര്‍: ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒന്നര വര്‍ഷമാകാറായിട്ടും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകളുടെ സ്വത്തുവിവരം പുറത്തുവിട്ടിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെയും ആസ്തിവിവരം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നെങ്കിലും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടേത് മാത്രമാണ് പരസ്യപ്പെടുത്തിയത്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെയും സ്വത്തുവിവരം എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് തീരുമാനിച്ചത്. ഇതുപ്രകാരം 2011 മുതല്‍ അഞ്ചുവര്‍ഷവും സ്വത്തുവിവരം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നവംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സ്വത്തുവിവരം മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഇതു കഴിഞ്ഞിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും 2015-16 കാലത്തെ പേഴ്‌സനല്‍ സ്റ്റാഫുകളുടെ സ്വത്തുക്കളെകുറിച്ച് വിവരമൊന്നുമില്ല.
എല്‍.ഡി.എഫ് മന്ത്രിമാരുടെ സ്വത്തുവിവരം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും സമ്പന്നന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. കടകംപള്ളി സുരേന്ദ്രന്റെയും ഭാര്യയുടെയുംപേരില്‍ തിരുവനന്തപുരത്ത് മൂന്നിടത്തായി 1.52 കോടി രൂപ വിലവരുന്ന ഭൂമിയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുംകൂടി 87 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. എന്നാല്‍, മന്ത്രി എ.കെ ശശീന്ദ്രന് പകരം എന്‍.സി.പിയിലെ തോമസ്ചാണ്ടി മന്ത്രിസഭയിലെത്തിയതോടെ കടകംപള്ളിയുടെ കോടീശ്വര സ്ഥാനം നഷ്ടപ്പെട്ടു.
ആലപ്പുഴയില്‍ 13 ഇടത്തായി 8.56 കോടിയുടെ ഭൂമി തോമസ്ചാണ്ടിയുടെപേരില്‍ മാത്രമുണ്ട്. 18 കോടിയിലേറെ രൂപ ഭാര്യയുടെപേരില്‍ ബാങ്കിലുണ്ടെന്നും ഔദ്യോഗിക രേഖകളിലുണ്ട്. ഇതിനുപുറമെയാണ് കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളും മറ്റു സമ്പാദ്യങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."