സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു
ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും പദവിയൊഴിഞ്ഞു. രാജിയ്ക്കുപിന്നില് വ്യക്തിപരമായ കാരണമെന്നാണ് അദ്ദേഹം കേന്ദ്ര നിയമമന്ത്രാലയത്തിനു സമര്‍പ്പിച്ച കത്തില്‍ അറിയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് നിന്ന് മുകുള്‍ റോഹ്തഗി ജൂണില്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഹിംഗ്യ അഭയാര്‍ഥി, നോട്ട് നിരോധനം പോലുള്ള സുപ്രധാനകേസുകളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായിരുന്ന രഞ്ജിത് കുമാറും രാജിവച്ചത്. തിരക്കേറിയതും ഭാരിച്ച ഉത്തരവാദിത്വവുമുള്ള ജോലിയാണ് സോളിസിറ്റര്‍ ജനറലിന്റേതെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നുമാണ് രാജിസംബന്ധിച്ച് രഞ്ജിത് കുമാര്‍ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചത്.
അതേസമയം, രഞ്ജിത്കുമാര്‍ സുപ്രിംകോടതി ജഡ്ജിയായി നിയമിതനാവാനുള്ള സാധ്യതയുണ്ടെന്നും അതിനു മുന്നോടിയായാണ് രാജിയെന്നും സൂചനയുണ്ട്. 2014ലാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായിരുന്ന രഞ്ജിത്ത് കുമാറിനെ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിനെ തുടര്‍ന്ന് രാജിവച്ച മോഹന്‍ പരാശരനു പകരക്കാരനായിട്ടായിരുന്നു രഞ്ജിത്് കുമാറിന്റെ നിയമനം. അതിനു മുമ്പ് ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."