കായല്‍ കൈയേറ്റം: റിപ്പോര്‍ട്ട് കലക്റ്റര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി കായല്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി. അനുപമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്നും കായല്‍ ഭൂമി മണ്ണിട്ട് നികത്തിയെന്നും റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നുണ്ട്.
പലരുടെയും പട്ടയ ഭൂമി കമ്പനി വാങ്ങിയെന്നും ചില ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചുവെന്നും 53 ഇടപാടുകള്‍ പരിശോധിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായിട്ടുണ്ടെന്നും അതുകൊണ്ട് പരിശോധനകള്‍ അപൂര്‍ണമായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയായ ശേഷം മാത്രമേ നടപടിയെടുക്കൂവെന്നും കലക്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ സര്‍വേസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 2011ല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയതിന്റെ രേഖകള്‍ കാണാനില്ലെന്നും കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."