കലാശപ്പോരില്‍ കന്നികപ്പില് മുത്തമിട്ട് ഇംഗ്ലണ്ട്; സ്പെയിനിനെ 5-2ന് കീഴടക്കി
കൊല്‍ക്കത്ത: കൗമാര ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് കിരീടം. സ്പെയിനിനെ 5-2ന് കീഴടക്കി അണ്ടര്‍ 17 ലോകകപ്പിന്റെ 17ാം പതിപ്പില്‍ ഇംഗ്ലീഷ് കൗമാരം കൊല്‍ക്കത്തയില്‍ കപ്പുയര്‍ത്തി. റ്യാന്‍ ബ്രൂസ്റ്റര്‍ (44), മോര്ഗന് ഗിബ്സ് (58), മാര്‍ക്ക് ഗ്വോഹി (84), ഫില്‍ ഫോഡന് (69, 89) എന്നിവരാണ് ഇംഗ്ലണ്ടിന് വിജയ ഗോളുകള്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ കന്നി കൗമാര ലോക കിരീടമാണ് കൊല്‍ക്കത്തയില്‍ നേടിയത്.
ഫൈനലില്‍ ഇംഗ്ലണ്ടിന്റെ വന്‍ തിരിച്ചുവരവാണ് ലോകഫുട്ബോള്‍ പ്രേമികള്‍ കണ്ടത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന സ്പാനിഷ് പടയെ നിശേഷം തകര്‍ക്കുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ കാണികള്‍ക്ക് കാണാന്‍ കഴിഞ്ഞത്. നാലാം വട്ടവും ഫൈനലിലെത്തി കപ്പടിക്കാന്‍ യോഗമില്ലാതെയാണ് സ്പാനിഷ് സംഘം മടങ്ങുന്നത്. കലാശപ്പോരാട്ടം തീര്‍ത്തും അവസ്മരണീയമാക്കി ഇരു ടീമുകളും. ഇംഗ്ലണ്ടും സ്പെയിനും കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫൈനലിന്റെ എല്ലാ ആവേശവും ചാരുതയും പകര്‍ന്ന പോരാട്ടമാണ് കാഴ്ചവച്ചത്. യൂറോപ്യന്‍ കരുത്തര്‍ കളിയുടെ ആദ്യ നിമിഷങ്ങള്‍ മുതല്‍ തന്നെ പ്രതിരോധത്തെ പരസ്പരം കീറിമുറിച്ചു കത്തിക്കയറി.
രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചു. കപ്പ് ഞങ്ങള്‍ക്ക് എന്ന രീതിയിലായിരുന്നു ആക്രമണം. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയ ഇംഗ്ലണ്ട് നാലു തവണ ലക്ഷ്യം കണ്ടു. ഈ വര്‍ഷം ആദ്യം നടന്ന യൂറോ ഫൈനലില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് സ്പെയിന് കിരീടമുയര്‍ത്തിയിരുന്നു. ആ തോല്‍വിക്ക് പ്രതികാരം ചെയ്യാനും ഇംഗ്ലണ്ടിനായി. രണ്ട് ഹാട്രിക്കടക്കം ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കളിച്ച ഇംഗ്ലീഷ് താരം റ്യാന്‍ ബ്രൂസ്റ്റര്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിന് അവകാശിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."