ജൈവ കീടനാശിനികള്‍ നിര്‍മിക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ജൈവ കീടനാശിനികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങി കൃഷി വകുപ്പ്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ രണ്ടു കേന്ദ്രങ്ങളിലായാണ് വ്യാവസായിക അടിസ്ഥാനത്തില്‍ കുറഞ്ഞ ചിലവില്‍ ജൈവ കീടനാശിനി യൂണിറ്റുകള്‍ തുടങ്ങുന്നത്. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ക്ക് ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കീടനാശിനികളുടെ പരിശോധനയ്ക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ശ്രീകാര്യത്തെ ഐ.സി.എ.ആര്‍ കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ നടന്ന കേന്ദ്ര സംസ്ഥാന സമ്പര്‍ക്ക യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. കേരളത്തിലെ സുഗന്ധവിളകളില്‍ കീടനാശിനി പ്രയോഗം നടക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ കര്‍ഷകര്‍ക്കിടയില്‍ വ്യാപക പ്രചാരണം നടത്തും.
കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. മൊഹപാത്രയ്ക്ക് നല്‍കും. ഫയലില്‍ നിന്ന് വയലിലേക്ക് എന്ന നൂതന ആശയം കര്‍ഷകരിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിനാവശ്യമായ മികച്ച തെങ്ങിന്‍ തൈകള്‍ രണ്ടു വര്‍ഷത്തിനകം പീലിക്കോടുള്ള ഐ.സി.എ.ആര്‍ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കും. പ്രതികൂല കാലാവസ്ഥയിലും മികച്ച വിള ലഭിക്കുന്ന നെല്ലിനങ്ങളും ഉല്‍പാദിപ്പിക്കും. കാര്‍ഷിക സര്‍വകലാശാലയും സര്‍ക്കാരും ചേര്‍ന്ന് തയാറാക്കുന്ന വിത്തു ബാങ്ക് പദ്ധതിയില്‍ ഐ.സി.എ.ആര്‍ സഹകരിക്കും. മികച്ച മഞ്ഞള്‍ വിത്ത് ഐ.സി.എ.ആര്‍ ലഭ്യമാക്കും. ഓയില്‍ പാമിന്റെ ആയിരം ഹെക്ടര്‍ സ്ഥലത്ത് ഉടന്‍ മഞ്ഞള്‍ കൃഷി ആരംഭിക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ സ്‌ട്രോബെറി ഉള്‍െപ്പടെയുള്ള പഴവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കും.
ഇടവിള കൃഷിയിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി.മൊഹപത്ര പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കറാം മീണ, ഐ.സി.എ.ആര്‍ ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."