ഗെയില്‍: നാട്ടുകാര്‍ മന്ത്രിയെ തടഞ്ഞു
തളിപ്പറമ്പ്: പരിയാരം അമ്മാനപ്പാറയില്‍ ഗെയില്‍ പൈപ്പ്‌ലൈനെതിരേ സമരത്തിലേര്‍പ്പെട്ട നാട്ടുകാര്‍ മന്ത്രി തോമസ് ഐസക്കിന്റെ കാര്‍ തടഞ്ഞ് പ്രശ്‌നം ശ്രദ്ധയില്‍പെടുത്തി. പൈപ്പ്‌ലൈന്‍ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസസമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞദിവസം പണി തടസപ്പെടുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍മസമിതിക്കാര്‍ ഞായറാഴ്ച ഇവിടെ കൊടി നാട്ടുകയും ചെയ്തു. അമ്മാനപ്പാറയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഇന്നലെ രാവിലെ എട്ടരയോടെ മന്ത്രി ഇതുവഴി കടന്നുപോയത്. വിവരമറിഞ്ഞ് സമരസമിതി പ്രവര്‍ത്തകര്‍ റോഡില്‍ കാത്തുനിന്നിരുന്നു. നാട്ടുകാര്‍ കാറിന് കൈകാണിച്ചതോടെ നിര്‍ത്താന്‍ മന്ത്രി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. കാറിന് പുറത്തിറങ്ങാതെ ഗ്ലാസ് താഴ്ത്തി സമരസമിതിക്കാര്‍ പറഞ്ഞത് മുഴുവന്‍ കേട്ടതല്ലാതെ ഇതു സംബന്ധിച്ച് മന്ത്രി മറുപടി പറയാന്‍ തയാറായില്ല. മന്ത്രി മറുപടി നല്‍കണമെന്ന് സമരസമിതിക്കാര്‍ ആവശ്യപ്പെട്ടതോടെ തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സമരസമിതിക്കാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പ്രതിഷേധത്തിന് കര്‍മസമിതി ചെയര്‍മാനും ഡി.സി.സി ജന. സെക്രട്ടറിയുമായ ഇ.ടി രാജീവന്‍, പി.വി അബ്ദുള്‍ ഷുക്കൂര്‍, പി.വി. സജീവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."