ലൈഫ് സമ്പൂര്‍ണ ഭവന പദ്ധതി
മാനന്തവാടി: ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷനിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത് 7224 വീടുകള്‍.
2015-16 സാമ്പത്തിക വര്‍ഷം വരെ സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളിലൂടെ സാമ്പത്തിക സഹായം അനുവദിച്ച് കിട്ടിയിട്ടും വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ കണ്ടെത്തി 2018 മാര്‍ച്ച് 31ന് മുന്‍പായി വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലൈഫ് മിഷനിലൂടെ ആദ്യ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഇതിനാവശ്യമായി വരുന്ന തുക തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ കണ്ടെത്തണമെന്നതാണ് പദ്ധതിയുടെ വിജയത്തില്‍ ആശങ്ക സൃഷ്ടിക്കുന്നത്. നിലവില്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഭവന നിര്‍മാണത്തിനായി ഫണ്ടുകള്‍ നീക്കി വച്ചിട്ടില്ല. പദ്ധതി ഭേദഗതിയിലൂടെയോ മുന്‍കാലങ്ങളില്‍ ഭവന പദ്ധതിക്കായി നീക്കിവച്ച ഫണ്ടിലുള്ള ബാക്കി തുകയോ പലിശയോ ഈ പദ്ധതിക്കായി ഉപയോഗിക്കാനും ബാക്കി തുകക്കായി പ്രാദേശികമായി വിഭവ സമാഹരണം നടത്താനുമാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ജില്ലയില്‍ നിലവില്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ഭവനിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ ശതകോടികളാണ് ആവശ്യമായി വരുന്നത്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ജില്ലയില്‍ നിന്നും തിരഞ്ഞെടുത്തതില്‍ 4189 പട്ടികവര്‍ഗ വീടുകളും 650 പട്ടികജാതി വിഭാഗത്തിന്റെ വീടുകളും 2385 ജനറല്‍ വിഭാഗത്തില്‍ നിന്നുമുള്ള വീടുകളാണുള്ളത്.
ജനറല്‍ വിഭാഗത്തില്‍ ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ വീടുകള്‍ പരിഗണിച്ചത് മാനന്തവാടി മുന്‍സിപ്പാലിറ്റിയില്‍ നിന്നാണ്. 295 വീടുകള്‍ നിര്‍മിക്കാന്‍ പരിഗണിച്ചപ്പോള്‍ അമ്പലവയല്‍ പഞ്ചായത്തില്‍ നിന്നും ജനറല്‍ വിഭാഗത്തില്‍ 17 വീടുകളാണ് പണിപൂര്‍ത്തിയാക്കാനുള്ളത്.
പട്ടികജാതി വിഭാഗത്തില്‍ നിന്നും മേപ്പാടി പഞ്ചായത്തിലെ 124 വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ പട്ടികയിലിടം നേടിയപ്പോള്‍ തരിയോട് പഞ്ചായത്തില്‍ പണി പൂര്‍ത്തിയാവാത്ത വീടുകളില്ലെന്നാണ് കണ്ടെത്തിയത്. പട്ടികവര്‍ഗ വിഭാഗത്തിലുള്ള വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ജില്ലയില്‍ കൂടുതലായി തുക വകയിരുത്തിയത്. പനമരം പഞ്ചായത്തില്‍ 344 വീടുകളും ഏറ്റവും കുറവ് മൂപ്പൈനാട് പഞ്ചായത്തിലെ 38 വീടുകളുമാണ്. അതാത് ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കിയ ശേഷമായിരിക്കും പദ്ധതി ആരംഭിക്കുക.
പാതിവഴിയില്‍ നിലച്ച വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി ഗുണഭോക്താവിനെ നേരിട്ട് ചുമതലപ്പെടുത്തുന്നതും സാമുഹ്യസംഘടനകളെയോ സര്‍ക്കാര്‍ അംഗീകൃത കരാറുകരെയോ ഏല്‍പ്പിക്കുന്നതുമായ രണ്ട് രീതികളാണ് അവലംബിക്കുക. ഒരു വീടിന് നാല് ലക്ഷം രൂപ ചിലവ് നിജപ്പെടുത്തി നേരത്തെ കൈപ്പറ്റിയ തുകയുടെ ശതമാനം കണക്കാക്കി ബാക്കി തുക നല്‍കികൊണ്ടാണ് നിര്‍മാണ പ്രവൃത്തികള്‍ തുക അനുവദിക്കുക. തറനിരപ്പ് വരെ 40,000രൂപ, ചുമരുകള്‍ മേല്‍ക്കുര നിരപ്പ് വരെ പൂര്‍ത്തിയായാല്‍ 1,80,000 രൂപ, മേല്‍ക്കൂര പൂര്‍ത്തിയായാല്‍ 80,000 രൂപ, മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാവുമ്പോള്‍ 80,000 രൂപ എന്നിങ്ങനെയാണ് തുക നല്‍കുക.
വാര്‍ഡുതലം മുതല്‍ ജില്ലാതലം വരെ രൂപീകരിക്കുന്ന കര്‍മസമിതികളാണ് ലൈഫ് മിഷന്‍ ഭവന നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
നിര്‍മാണ വേളകളില്‍ തടസങ്ങളുണ്ടാകുന്നതുള്‍പ്പെടെ പരിഗണിച്ച് 2018 ഫെബ്രുവരി 28ന് മുമ്പായി പണിപൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."