എസ്.ഐയുടെ ക്രൂരത വീണ്ടും; ലോക്കപ്പ് മര്‍ദനത്തില്‍ പരുക്കേറ്റ യുവാവിന്റെ സഹോദരനേയും പൊലിസ് ജയിലിലടച്ചു
കൊട്ടാരക്കര: മുന്‍ പുത്തൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ജയിലിലടക്കുകയും ജയിലധികൃതര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയും ചെയ്ത ആളിന്റെ സഹോദരനേയും ഇതേ പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി.
ഇതിനെതിരെ പ്രക്ഷോഭവും നിയമനടപടികളും സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍സ്ര് നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ മാസം 22ന് രാത്രി 11 ന് പുത്തൂര്‍ ആനക്കോട്ടൂര്‍ ഭൂതക്കുഴി പടിഞ്ഞാറ്റേതില്‍ വി.എസ് സുധനെ പുത്തൂര്‍ എസ്.ഐ ആയിരുന്ന പ്രവീണിന്റെ നേതൃത്വത്തില്‍ വീട്ടില്‍ നിന്നും പിടികൂടിയത്. സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലയിരുന്നു പൊലിസ് പിടികൂടിയത്. വീട്ടിലും ജീപ്പിലും പൊലീസ് ലോക്കപ്പിലും ഇയാളെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനവിവരം അറിഞ്ഞെത്തിയ സഹോദരിയും മാതാവും പിറ്റേന്നു രാവിലെ സ്റ്റേഷനിലെത്തി പരാതി പിന്‍വലിക്കുന്നതായും ഇയാളെ ആശുപത്രിയിലാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. അന്നു വൈകിട്ട് 6 മണിയോടെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയുണ്ടായി.
ആരോഗ്യ നില മോശമായിരുന്ന ഇയാളെ ജയിലധികൃതര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇപ്പോഴും ചികിത്സയില്‍ തുടരുന്ന സുധന്റെ തലയ്ക്ക് മാരകമായി പരിക്കുണ്ട്. തലയ്ക്ക് പഴുപ്പും ഓര്‍മ്മകുറവും അനുഭവപ്പെടുന്നു. കൈകാലുകള്‍ക്കും പരിക്കുണ്ട്. ആശുപ്രതിയില്‍ നിന്നും നല്‍കിയിട്ടുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ ഇത് വ്യക്തമാണ്. ഈ സംഭവം വിവാദമായതോട് എസ്.ഐയെ ഇവിടെ നിന്നും സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റുന്നതിനിടയില്‍ കിട്ടിയ രണ്ടുദിവസത്തിനുള്ളില്‍ സുധന്റെ ജേഷ്ഠ സഹോദരന്‍ ലാലുവിനെയും ഇതേ എസ്.ഐ കേസില്‍ കുടുക്കിയതായാണ് പുതിയ പരാതി. വ്യാജവാറ്റ് പശ്ചാത്തലമുള്ള അയല്‍വാസിയുടെ ഭാര്യയേക്കൊണ്ട് കള്ളപരാതി എഴുതിവാങ്ങിയാണ് ലാലുവിനെ കേസില്‍ കുടുക്കി ജയിലില്‍ അടച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആക്ഷേപം. ഈ കേസു പ്രകാരം സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിടയ്ക്കുകയും ചെയ്ത്. കഴിഞ്ഞ 25 ന് അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടക്കുകയായിരുന്നു. 26 നാണ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുധന്റെ കുടുംബത്തെ പോലീസ് വേട്ടയാടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പാറത്തൊഴിലാളി ആയിരുന്ന സുധന് ഇനി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും എസ്.സി.എസ്.റ്റി കമ്മീഷനും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ലോക് സഭ ജനറല്‍ സെക്രട്ടറി നെല്‍സണ്‍ തോമസ്, കോണ്‍ഗ്രസ് നേതാവ് കോട്ടാത്തല മധു, മര്‍ദ്ദനത്തിനിരയായ വി.എസ്. സുധന്‍, ജയിലിലടയ്ക്കപ്പെട്ട സഹോദരന്‍ ലാലു എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."