ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുവില്‍പ്പന; മെഡിക്കല്‍ ഷോപ്പില്‍ പരിശോധന
തൊടുപുഴ: ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു വില്‍ക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തി. പരിശോധനയില്‍ മരുന്നു വാങ്ങിയതിലും വിറ്റതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോര്‍ജ് ആന്‍ഡ് സെന്റ് ആന്റണീസ് മെഡിക്കല്‍ ഷോപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലഹരിക്കായി ഉപയോഗിക്കാവുന്ന കൊഡീന്‍ അടങ്ങിയ കഫ്‌സിറപ്പുകള്‍, വയാഗ്രെ, ഗര്‍ഭ നിരോധന ഗുളികകള്‍ എന്നിവ വില്‍ക്കുന്നു എന്നായിരുന്നു റിപോര്‍ട്ട്.
ഇതേ തുടര്‍ന്ന് ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫ് ഇന്നലെ 12 മുതല്‍ നാല് വരെ പരിശോധന നടത്തി. പരിശോധനയില്‍ കൊടീന്‍ അടങ്ങിയ കഫ്‌സിറപ്പുകള്‍ അസ്വാഭാവികമായ രീതിയില്‍ വാങ്ങിയിരിക്കുന്നതായും വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വ്യാജമായ റെക്കോര്‍ഡ്‌സുണ്ടാക്കിയാണ് വിറ്റതെന്നും കണ്ടെത്തി. ഒരു ബില്ലില്‍ തന്നെ 20 സിറപ്പ് വാങ്ങിയതായി ബില്ല് നല്‍കിയിട്ടുള്ളത് ഇതിന് തെളിവാണെന്ന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കടയുമായി ബന്ധമുള്ള മറ്റ് രണ്ട് സ്ഥാപനങ്ങളിലും പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. വിശദമായ റിപ്പോര്‍ട്ട് എറണാകുളം അസിസ്റ്റന്റ് കണ്‍ട്രോളര്‍ക്ക് അയച്ചിട്ടുണ്ട്. ക്രമക്കേടിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."