ജനജാഗ്രതയാത്രാ വേദിയില്‍ കാനവും തോമസ് ചാണ്ടിയും; തനിക്കെതിരേ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയില്ലെന്ന് ചാണ്ടി
ആലപ്പുഴ: തന്റെ വെല്ലുവിളി ചെന്നിത്തല സ്വീകരിച്ചില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചാണ്ടി.
യാത്രയ്ക്ക് ആശംസ നേരാനെത്തിയതായിരുന്നു ചാണ്ടി. ഭൂമി കൈയേറ്റം സംബന്ധിച്ച വിഷയത്തില്‍ താന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തന്റെ വെല്ലുവിളി പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും തനിക്കെതിരേ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി ഇതു പറയുമ്പോള്‍ കാനം രാജേന്ദ്രന് വേദിയിലുണ്ടായിരുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിനു നേരെ വെല്ലുവിളിച്ച തനിക്കെതിരേ ഇതുവരെ ഒരു തെളിവുപോലും കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതി പലരും കോണ്‍ഗ്രസ്സില്‍ ഉടുപ്പ് തയ്യാറാക്കി വച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്‍ഷത്തേക്ക് കോണ്‍ഗ്രസിനു കേരളം ലഭിക്കില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
പിണറായി വിജയന് ഈ 15 വര്‍ഷവും ഇടതിന്റെ മുഖ്യമന്ത്രിയായി തുടരും. കോണ്‍ഗ്രസ്സിന് എല്‍.എഡി.എഫിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സി.പി.ഐ രംഗത്തെത്തിയിരുന്നു. കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍
നിലപാടു കര്‍ക്കശമാക്കാന്‍ വകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന് പാര്‍ട്ടി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."