ബാബരി മസ്ജിദ്: ശീഈ നേതാക്കള്‍ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയെച്ചൊല്ലിയുള്ള ഉടമസ്ഥാവകാശ തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്ന നിലപാടുള്ള ശീഈ നേതാക്കള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ ആള്‍ദൈവം ശ്രീ ശ്രീരവിശങ്കറുമായി ചര്‍ച്ചനടത്തി.
ഉത്തര്‍പ്രദേശ് ശീഈ വഖ്ഫ് ബോര്‍ഡ് ചെയര്മാന് വസീം രിസ്വി കര്‍ണാടകയില്‍ വച്ചാണ് രവിശങ്കറുമായി വിഷയം ചര്‍ച്ചചെയ്തത്. തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ രവിശങ്കറില്‍ നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം രിസ്വി പറഞ്ഞു. നേരത്തെ, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ ശീഈ പ്രതിനിധി അയോധ്യയിലെ ഹൈന്ദവ ട്രസ്റ്റ് നിര്‍മോഹി അഖാരയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. തര്‍ക്കം കോടതി പരിഹരിക്കട്ടെയെന്നു നിലപാടുള്ള സുന്നി സംഘടനകളും വ്യക്തിനിയമ ബോര്‍ഡും, ശീഈ പ്രതിനിധിയുടെ നടപടിയെ തള്ളിപ്പറഞ്ഞിരുന്നു. നടപടി വ്യക്തിപരമാണെന്നും ബോര്‍ഡിന്റെ നയമല്ലെന്നും ബോര്‍ഡ് വക്താവും കേസിലെ അഭിഭാഷകനുമായ സഫര്യാബ് ജീലാനി അറിയിച്ചിരുന്നു. ബാബരി മസ്ജിദ് കേസില്‍ കോടതിക്കു പുറത്ത് ഒത്തുതീര്പ്പുണ്ടാക്കുന്നതിനെ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും തള്ളിപ്പറയുകയുണ്ടായി. ഇതിനുപിന്നാലെയാണ് ശീഈ നേതാക്കള്‍ രവിശങ്കറുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."