പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഇന്റലിജന്‍സ് അന്വേഷണം
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഇന്റലിജന്‍സ് അന്വേഷണം. സംഘടന വിദേശത്ത്‌നിന്നു സ്വീകരിക്കുന്ന ഫണ്ടിങ്ങിനെ കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ടി.കെ വിനോദ്കുമാറിന് നിര്‍ദേശം നല്‍കി.
ഇസ്‌ലാമിക രാജ്യം സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത്‌നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒരു ദേശീയ ചാനലിലെ ഒളി കാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞിരുന്നു. വെളിപ്പെടുത്തിയത് മലയാളികളായതിനാലും ഹവാല വഴി പണം വരുന്നത് കേരളത്തിലായതിനാലുമാണ് ഇന്റലിജന്‍സ് മേധാവിയോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ശരിയാണെന്നു കണ്ടെത്തിയാല്‍ കടുത്ത നടപടികളിലേയ്ക്ക് പോകുമെന്നും ഡി.ജി.പി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഡി.ജി.പി പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ചും, തേജസ് ദിനപത്രത്തെ കുറിച്ചും, മഞ്ചേരിയിലെ സത്യസരണിയെ കുറിച്ചും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്റലിജന്‍സിനെ കൂടാതെ കേന്ദ്ര ഇന്റലിജന്‍സും, മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, തേജസ് ദിനപത്രം അസോസിയേറ്റ് എഡിറ്റര്‍ പി. അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ഹാദിയയുടെ മതംമാറ്റത്തിലും തുടര്‍ വിവാദങ്ങളിലും സുപ്രിം കോടതി നിര്‍ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങള്‍ അടങ്ങിയ വിഡിയോ ക്ലിപ്പ് ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."