വിവരാവകാശ നിയമത്തിന് എതിരുനില്‍ക്കുന്നതു ശരിയല്ല: മുഖ്യ വിവരാവകാശ കമ്മിഷണര്‍
തിരുവനന്തപുരം: അറിയാനുള്ള അവകാശം വെല്ലുവിളി നേരിടുന്നുവെന്നും ഉദ്യോഗസ്ഥരുടെ ഇടയില്‍ വിവരാവകാശത്തെ സംബന്ധിച്ചു പ്രകടമായ മാറ്റം വന്നിട്ടുണ്ടെന്നും ഈ നിയമത്തിനെതിരേ ആരെങ്കിലും കുറച്ചുപേര്‍ എതിരുനില്‍ക്കുന്നതു ശരിയല്ലെന്നും മുഖ്യ വിവരാവകാശ കമ്മിഷണര്‍ വില്‍സന്‍ എം.പോള്‍. ആര്‍.ടി.ഐ കേരള ഫെഡറേഷനും ഹ്യൂമന്‍ റൈറ്റ്‌സ് ജസ്റ്റിസ് വിജിലന്‍സ് ഫോറവും സംയുക്തമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച 'അറിയാനുള്ള അവകാശം പ്രതിസന്ധിയില്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തംകാര്യം വരുമ്പോള്‍ നിയമം മാറ്റിവയ്ക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. വിവരാവകാശ അപേക്ഷയുമായി വരുന്നവരെ ശത്രുവായി കാണുന്ന സമീപനം മാറണം. ജനങ്ങളുടെ അവകാശബോധവും അധികാരികളുടെ സമീപനവും പരിഷ്‌കരിക്കണം.
ആഭ്യന്തരവകുപ്പില്‍ വിവിധ കാര്യങ്ങള്‍ പലരും കൈകാര്യം ചെയ്യുന്നതിനാല്‍ അപേക്ഷ നല്‍കേണ്ടത് എവിടെയെന്നു മിക്കയാളുകള്‍ക്കും അറിയില്ല. ഇതിനൊരു മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
2011 മുതല്‍ 13000ല്‍ കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഉദ്യോസ്ഥരുടെ നിസഹകരണവും അപേക്ഷകളിലെ അവ്യക്തതകളും കമ്മിഷന്‍ അംഗങ്ങളുടെ കുറവുമാണ് ഇതിനു കാരണം. ചിലര്‍ നിയമം ദുരുപയോഗം ചെയ്യുന്നതായും അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കി അപേക്ഷ നല്‍കാന്‍ ജനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."