ജയകൃഷ്ണന്‍ പരാജയങ്ങളുടെ തോഴന്‍
രണ്ടാഴ്ച മുന്‍പു ചരിത്രപ്രസിദ്ധമായ ബേക്കല്‍ കോട്ടയുടെ തൊട്ടരികില്‍ വിദ്യാരംഗത്തു വച്ച് ഒരു വിദ്യാര്‍ഥിനി എന്നോടു ചോദിച്ചു. മനസിനെ ഏറ്റവും അസ്വസ്ഥമാക്കിയ ജീവിത സന്ദര്‍ഭമേതാണ്? എന്‍ഡോസള്‍ഫാന്‍ ദുരന്തവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ശരശയ്യയിലായിരുന്നു ഞാനന്നേരം. കുട്ടികള്‍ ഇടതടവില്ലാതെ ചോദിക്കുകയായിരുന്നു.
പെട്ടന്നെനിക്ക് ഉത്തരം പറയാനായില്ല. എന്താണു പറയേണ്ടത്. ഒന്നും രണ്ടുമല്ല. നൂറുകണക്കിന് അനുഭവങ്ങളുണ്ടു മനസിനെ പൊള്ളിച്ചവ. അതില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നോര്‍ക്കുമ്പോള്‍ സൈനബയുടെ ചിത്രം മനസില്‍ തെളിഞ്ഞു. മധുരാജിന്റെ പ്രസിദ്ധമായ ആ ചിത്രം നിങ്ങളും ഓര്‍ക്കുന്നുണ്ടാകും. ഉടലിനെക്കാള്‍ വലിയ തലയുള്ള കൊച്ചുകുട്ടി. പൊട്ടിക്കരയുന്നവള്‍. നെറ്റിയില്‍ വന്നിരിക്കുന്ന ഏതോ പ്രാണി. തന്റെ കുഞ്ഞുകൈ നീട്ടിയാലും തലയിലേക്കെത്തില്ല. ആ കാഴ്ച ആദ്യം കണ്ടതു മുതല്‍ ഓര്‍ക്കുന്തോറും അസ്വസ്ഥപ്പെട്ടുകൊണ്ടിരുന്നു.
സൈനബയുടെ പിന്നാലെ കുറേ കുഞ്ഞുങ്ങള്‍ കൂടി 'എന്നെ മറക്കല്ലേ' എന്ന നിലവിളിയോടെ എന്റെ മനസിലേക്ക് ഓടിക്കയറി വന്നു. കവിതയും പ്രജിതയും രൂപേഷും കലേഷും ജയകൃഷ്ണനും സുജിത്തുമൊക്കെ മുന്നിലുണ്ട്. ഓരോ കുട്ടിയെ കുറിച്ചും ഏറെ ദുഃഖിപ്പിക്കുന്ന അനുഭവങ്ങളുണ്ട്. ഏത്രയോ ദിവസങ്ങള്‍ ഉറക്കം കെടുത്തിയ ഈ കുഞ്ഞുങ്ങളാരും ഇന്നു ജീവിച്ചിരിപ്പില്ല. ഇവരില്‍ ആരെക്കുറിച്ചാണു പറയേണ്ടത്?
പെട്ടെന്നു ഞാന്‍ തീരുമാനിച്ചു. ജയകൃഷ്ണനെ കുറിച്ചു തന്നെ പറയാം. കാരണമുണ്ട്. ഒന്നര ദശകക്കാലമായി എന്‍ഡോസള്‍ഫാന്‍ ദുരിതഗ്രാമങ്ങളിലെ ദുരിതപര്‍വത്തിലായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കൂടെ അവരുടെ സങ്കടങ്ങള്‍ പങ്കിട്ടുകൊണ്ടു ഞാനുമുണ്ട്. സമരങ്ങള്‍ സംഘടിപ്പിക്കാനും മുദ്രാവാക്യങ്ങള്‍ വിളിക്കാനും സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കാനുമെല്ലാം കൂടെനിന്നിട്ടുണ്ട്. വല്ലാതെ ഒതുങ്ങിക്കഴിയുന്ന ശീലമുണ്ടായിരുന്ന ഞാന്‍ മോചനമില്ലാത്തവിധം ഈ വിഷയത്തിലേക്കു നിപതിച്ചതിന്റെ കാരണം ജയകൃഷ്ണനാണ്. സൈനബയുടെ ചിത്രം എന്നെ വല്ലാതെ പൊള്ളിച്ചുവെങ്കിലും ജയകൃഷ്ണനെ കണ്ടതു മുതലാണു ഞാന്‍ മറ്റൊരാളായി രൂപാന്തരപ്പെട്ടത്.
രണ്ടായിരത്തി രണ്ടിലാണാണെന്നാണ് ഓര്‍മ. ജില്ലാ പരിസ്ഥിതി സമിതി പെരിയ ഗ്രാമത്തില്‍ ദുരിതബാധിതരെ കണ്ടെത്താന്‍ ഒരു സര്‍വേ നടത്തുകയാണ്. ഞാനുമുണ്ടു കൂട്ടത്തില്‍. മാളോത്തുംപാറ കോളനിയിലെത്തിയപ്പോള്‍ ഒരു വീടിനു മുന്നില്‍ ഞങ്ങള്‍ നിശ്ചലരായി. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്റെ ചെവിയില്‍ പറഞ്ഞു: 'മാഷേ, ഈ വീട്ടില്‍ ഒരു കുട്ടിയുണ്ട് എന്നു പറഞ്ഞുകേള്‍ക്കുന്നു.' ഒരു വെട്ടുകത്തിയുമായി ഭീഷണിയുടെ സ്വരത്തില്‍ രാമന്‍ എന്ന പ്ലാന്റേഷന്‍ തൊഴിലാളി ഞങ്ങള്‍ക്കു മുന്നില്‍ നിന്നു. അയാള്‍ ഉറപ്പിച്ചുപറഞ്ഞു: 'ഇവിടെ ഒരു കുട്ടിയുമില്ല. എത്രയും പെട്ടെന്നു സ്ഥലം വിടുന്നതാണ് നല്ലത്.'
ഞാന്‍ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്നുവന്ന വിദ്യാര്‍ഥികളില്‍ രണ്ടു പെണ്‍കുട്ടികളോടു പിന്‍വാതിലിലൂടെ രഹസ്യമായി അകത്തു കയറിനോക്കാന്‍ ഞാനാവശ്യപ്പെട്ടു. വലിയ വീടൊന്നുമല്ല. ഒരു കൊച്ചുകുടില്‍. ചുറ്റും പ്ലാന്റേഷന്റെ കശുമാവിന്‍ തോട്ടങ്ങളാണ്. പെണ്‍കുട്ടികള്‍ തിരിച്ചുവന്നിട്ടു പറഞ്ഞു: 'ഒരു മൂലയില്‍ ഒരു കൊച്ചുകുട്ടി കിടപ്പുണ്ട്. രാമന്റെ മകളുടെ കുട്ടിയാണ്.' ചെറുപ്പക്കാരിയായ ആ അമ്മയോടു താക്കീതിന്റെ സ്വരത്തില്‍ ഞാനാവശ്യപ്പെട്ടു: 'ആ കുട്ടിയെ പുറത്തേക്കു കൊണ്ടുവരൂ.' ആ നിമിഷം രാമന്‍ അപ്രത്യക്ഷനായി. ഗത്യന്തരമില്ലാതെ അവള്‍ അകത്തുനിന്നു കുഞ്ഞിനെ പുറത്തേക്കു കൊണ്ടുവന്നു. രണ്ടോ മൂന്നോ മാസം പ്രായം തോന്നിച്ച ആ കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടന്നു കൈക്കാലുകള്‍ പതുക്കെ അനക്കുന്നുണ്ടായിരുന്നു. ഞാന്‍ പേരു ചോദിച്ചു. പേര് ജയകൃഷ്ണന്‍. എത്ര മാസമായി? ഉത്തരം കേട്ടു ഞാന്‍ ഞെട്ടിപ്പോയി. മൂന്നു വയസായ കുട്ടിയാണ്! ഓടിച്ചാടി നടക്കേണ്ട പ്രായമാണ്!
ആ കുഞ്ഞിന്റെ തൊണ്ട തുറന്നിരുന്നില്ല. നേരിയ ദ്വാരം മാത്രം. ആഹാരമൊന്നും ഇറങ്ങില്ല. തൊണ്ട തുറക്കാത്തതു കൊണ്ടു നിലവിളിക്കാനാകുമായിരുന്നില്ല. ശരീരസന്ധികളിലെല്ലാം വ്രണങ്ങള്‍ നിറഞ്ഞിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഞെട്ടലോടെ കണ്ടു. ആ കുഞ്ഞിന്റെ തലമുടി നരച്ചിരുന്നു! പരാജയങ്ങള്‍ മാത്രം നിറഞ്ഞ ജീവിതത്തിന് എന്തിനാണ് ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ ജയകൃഷ്ണന്‍ എന്നു പേരിട്ടത്! അറിയില്ല. ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞിനെ എന്നെന്നേക്കുമായി ശിക്ഷിച്ചതാരാണ്? മറ്റു കുഞ്ഞുങ്ങളെപ്പോലെ കളിച്ചുല്ലസിച്ചു വളരാന്‍ അവനും അവകാശമുണ്ടായിരുന്നില്ലേ? ഘോരഘോരമായ കാളകൂട വിഷം പ്രകൃതിക്കും മനുഷ്യനും മേലെ ഭരണകൂടം കാല്‍നൂറ്റാണ്ടുകാലം കോരിയൊഴിച്ചുകൊണ്ടിരുന്നത് എന്തു ലാഭത്തിനു വേണ്ടിയായിരുന്നു?
ജയകൃഷ്ണനെ കണ്ട ആ ദിവസമാണു ഞാന്‍ ഇരിക്കപ്പൊറുതിയില്ലാത്തവിധം വേദനയുടെ കഠിനപാതാളത്തിലേക്കു വലിച്ചെറിയപ്പെട്ടത്. 2004ല്‍ ജയകൃഷ്ണന്‍ മരിച്ചപ്പോള്‍ ജൂലൈ മാസത്തില്‍ 'പരാജിത ജീവിതങ്ങള്‍' എന്ന പേരില്‍ ലേഖനമെഴുതി ഞാനെന്റെ സങ്കടവും ദേഷ്യവും കൈയൊഴിയാന്‍ ശ്രമിച്ചു. എന്നിട്ടും ആ മഹാഖേദം എന്നെ വിട്ടൊഴിഞ്ഞില്ല. 2006ല്‍ നോവലെഴുതാനുള്ള തീരുമാനത്തിലെത്തിയപ്പോള്‍, കഥ മനസില്‍ ഉരുവംകൊള്ളുന്നതിനിടയില്‍ ഓര്‍ക്കാപുറത്താണ് ജയകൃഷ്ണന്‍ കയറിവന്നത്. പിന്നെ ജയകൃഷ്ണന്‍ മുഖ്യകഥാപാത്രങ്ങളിലൊന്നായി.
'എന്‍മകജെ'യുടെ എഴുത്തുവേളയില്‍ ജയകൃഷ്ണന് 'പരീക്ഷിത്ത് ' എന്ന പേരുകൂടി കിട്ടി. എഴുതിവന്നപ്പോള്‍ പരീക്ഷിത്ത് എന്ന പേരിനായി പ്രാധാന്യം. പുരാണത്തിലെ പരീക്ഷിത്തിനെപ്പോലെ ചത്തതുപോലെ പിറന്ന കുട്ടിയാണ്. പുരാണത്തില്‍ കൊടുംപാതകം ചെയ്ത അശ്വാത്മാവിന് ശ്രീകൃഷ്ണന്‍ ശിക്ഷ ശപിച്ചു; മുവ്വായിരം കൊല്ലം തീരാവ്യാധികളോടെ കാട്ടിലലയാന്‍! പരീക്ഷിത്തിന്റെയും അശ്വാന്മാവിന്റെയും ജീവിതദുരന്തം ഒന്നിച്ചനുഭവിക്കാനാണു തെറ്റുചെയ്യാത്ത ജയകൃഷ്ണനു വിധിയുണ്ടായത്. കാടിന്റെ വന്യതയില്‍, ശരീരം പൊട്ടിയൊലിക്കുന്നതിന്റെ വേദനയില്‍, കടുത്ത ഏകാന്തതയില്‍ അല്‍പം ആശ്വാസത്തിനു വേണ്ടി അശ്വാത്മാവ് ഉറക്കെയുറക്കെ നിലവിളിച്ചിരിക്കണം. പക്ഷേ, ആ ചെറിയ അനുഗ്രഹംപോലും ജീവിതത്തില്‍ ജയകൃഷ്ണനു ലഭിച്ചില്ല.
നോവലില്‍ ജയകൃഷ്ണനെന്ന പരീക്ഷിത്ത് മരിക്കുന്ന സന്ദര്‍ഭത്തില്‍ ദേവയാനി പൊട്ടിക്കരയുന്ന ഭാഗമെഴുതുമ്പോള്‍ ഞാന്‍ ഏറെ പരിക്ഷീണിതനായിരുന്നു. എന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. കുറേനേരം എഴുത്തു തുടരാനാകാതെ ഞാന്‍ തല കുമ്പിട്ടിരുന്നു. പിന്നെ എഴുതിയ, നീലകണ്ഠന്റെ സങ്കടം തീണ്ടിയ രോഷപ്രകടനങ്ങളിലും ഞാനുണ്ടായിരുന്നു.
ജയകൃഷ്ണന്റെ കഥകേട്ട്, കഥയല്ല ജീവിതം കേട്ടു നൂറിലധികം വരുന്ന കുട്ടികള്‍ ആകെ വിഷമത്തിലായി. ഞാന്‍ കണ്ടു, ചോദ്യം ചോദിച്ച പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."