ജലസേചന കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു
പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ ജലസേചന കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ടി.പി രാമകൃഷ്ണന് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. മേജര്‍ മൈനര്‍ ഇറിഗേഷന്‍, കുറ്റ്യാടി ജലസേചന പദ്ധതി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചു ചേര്‍ത്തത്.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ടും അനുബന്ധ കനാലുകളും സംരക്ഷിക്കുക, കനാല്‍ അറ്റകുറ്റപ്പണി യഥാസമയം നടത്തുക, കനാല്‍ വെള്ളം എല്ലാ സ്ഥലങ്ങളിലും എത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ നടപ്പിലാക്കുവാന്‍ മന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. പുഴത്തീരങ്ങള്‍ സംരക്ഷിക്കാനും മണ്ഡലത്തിലെ പ്രധാന പാടശേഖരങ്ങളായ ആവളപാണ്ടി, കരുവോട് ചിറ, വെളിയന്നൂര്ചെല്ലി എന്നിവിടങ്ങളില്‍ നെല്‍കൃഷി ചെയ്യാനാവശ്യമായ വെള്ളമെത്തിക്കാനുള്ള നടപടികളെടുക്കാനും ഇതിനായി ചെറുകിട ജലസേചന പദ്ധതികള്‍, കുടിവെള്ള പ്രശ്ന പരിഹാരത്തിനായ് പേരാമ്പ്ര ചിലമ്പവളവ് ടാങ്ക് ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ടായി. യോഗത്തില്‍ മന്ത്രിക്കു പുറമേ ജില്ലാ പഞ്ചായത്തംഗം എ.കെ ബാലന്, മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് സി. മുഹമ്മദ്, കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ട് എക്സി. എന്‍ജിനീയര്‍ രാമചന്ദ്രന്, മേജര്‍ ഇറിഗേഷന്‍ എ.ഇ അജിത്ത്, മൈനര്‍ ഇറിഗേഷന്‍ എ.ഇ ബാബു, വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ കെ. മോഹനന്, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."