ഡ്രൈവിങ് ലൈസന്‍സ് തിരികെ നല്‍കിയില്ല; എസ്.ഐക്ക് 5000 രൂപ പിഴ
കണ്ണൂര്‍: വാഹനപരിശോധനയ്ക്കിടെ പയ്യന്നൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകന്റെ ഡ്രൈവിങ് ലൈസന്‍സ് വാങ്ങിയ ശേഷം തിരികെ നല്‍കാതിരുന്ന എസ്.ഐക്ക് 5000 രൂപ പിഴ. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് ഉത്തരവ് ഇറക്കിയത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി അഭിഭാഷകനായ കെ.കെ കുഞ്ഞികൃഷ്ണന് നഷ്ടപരിഹാരം നല്‍കിയ ശേഷം പയ്യന്നൂര്‍ സ്റ്റേഷനില്‍ അഡീഷനല്‍ എസ്.ഐയായിരുന്ന ദാമോദരനില്‍ നിന്നു തുക ഈടാക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. അഡീഷനല്‍ എസ്.ഐക്കെതിരേ അച്ചടക്കനടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക സര്‍ക്കാര്‍ നല്‍കണം.
2016 ഫെബ്രുവരി 19നായിരുന്നു സംഭവം. രാമന്തളി ചിദംബരനാഥ് സകൂളിന് സമീപം വാഹനപരിശോധനയ്ക്കിടെ കാറിന്റെ രേഖകള്‍ എസ്.ഐ ആവശ്യപ്പെട്ടു. ആര്‍.സി ബുക്ക് കാറിലില്ലെന്നും പിന്നീട് ഹാജരാക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് എസ്.ഐ ആവശ്യപ്പെട്ടതുപ്രകാരം ഡ്രൈവിങ് ലൈസന്‍സ് നല്‍കിയത്.
ആര്‍.സി ബുക്ക് ഹാജരാക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് തിരികെ തരാം എന്നായിരുന്നു നിലപാട്. ആര്‍.സി ബുക്ക് അന്നുതന്നെ എത്തിച്ചു. അപ്പോള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. അതും എത്തിച്ചപ്പോള്‍ നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ 1000 രൂപ നല്‍കണമെന്നായി. പിഴ കോടതിയില്‍ അടയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് തിരികെ നല്‍കില്ലെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനെതിരേ കണ്ണൂര്‍ ഡി.ഐ.ജിക്ക് പരാതി നല്‍കി.
കമ്മിഷന്‍ എസ്.പിയില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ലൈസന്‍സ് വാങ്ങിയെന്നാണ് പരാതിയെങ്കിലും അതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് കമ്മിഷന്‍ ഇരുഭാഗത്തെയും വിസ്തരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."