ഹിമാചലില്‍ ശ്രദ്ധേയമായി തിയോഗ മണ്ഡലം
ഷിംല: ഹിമാചല്‍പ്രദേശില്‍ തിയോഗ നിയമസഭാ മണ്ഡലം എന്തുകൊണ്ടും തന്ത്രപ്രധാനമെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. രാഷ്ട്രീയം കൊണ്ടും വാണിജ്യം കൊണ്ടും പുകള്‍പെറ്റ ഈ മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.
കോണ്‍ഗ്രസിലെ രണ്ട് പ്രമുഖര്‍ നേരത്തെ ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ ഇവരുടെ അഭാവത്തില്‍ കോണ്‍ഗ്രസിന്റെ താരതമ്യേന പുതുമുഖമായ നേതാവാണ് മത്സരിക്കുന്നത്. ബി.ജെ.പിയാകട്ടെ കഴിഞ്ഞ മൂന്ന് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് വീണ്ടും ഇവിടെ ജനവിധി തേടുമ്പോള്‍, അടിസ്ഥാന ജനവിഭാഗങ്ങളില്‍ ശക്തമായ സ്വാധീനമുള്ള നേതാവിനെയാണ് സി.പി.എമ്മും രംഗത്തിറക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വിദ്യാ സ്റ്റോക്കിനെയായിരുന്നു ഇവിടേക്ക് കണ്ടിരുന്നത്. എന്നാല്‍ 90വയസായ അദ്ദേഹം മത്സര രംഗത്തുനിന്ന് മാറിയതോടെ കോണ്‍ഗ്രസിന്റെ യുവജന നേതാവായ ദീപക് റാത്തോറിനാണ് നറുക്കുവീണത്. ഈ വര്‍ഷം16 കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുയര്ന്ന പ്രതിഷേധം ഏറ്റവും കൂടുതല്‍ ആളിക്കത്തിയത് തിയോഗ മണ്ഡലത്തിലായിരുന്നു. സംഭവം കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇപ്പോഴും വേട്ടയാടുകയാണ്. ഈ മണ്ഡലത്തില്‍ 78,000 വോട്ടര്‍മാരുണ്ട്. സാക്ഷരതാ നിലവാരം 80 ശതമാനവുമാണ്.
ഈ മണ്ഡലത്തിലായിരിക്കും മുഖ്യമന്ത്രി ജനവിധി തേടുകയെന്നായിരുന്നു പ്രചാരണമുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം ആര്‍ക്കി മണ്ഡലത്തിലേക്ക് മാറിയതോടെയാണ് ദീപക് റാത്തോറിനെ ഇവിടേക്ക് നിയോഗിച്ചത്. ബി.ജെ.പിയുടേതാകട്ടെ രാകേശ് വര്‍മയാണ് രംഗത്തുള്ളത്. കഴിഞ്ഞ മൂന്ന് തവണയും ഇവിടെ മത്സരിച്ച് ജയിച്ച അദ്ദേഹം വലിയ ആത്മവിശ്വാസത്തിലാണ്.
കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരേ സി.പി.എം രംഗത്തിറക്കിയത് രാകേശ് സിംഘയെയാണ്. അദ്ദേഹമാകട്ടെ കാര്‍ഷിക മേഖലയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തി കൂടിയാണ്.
ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ആര് അധികാരത്തിലേറുമെന്ന കാര്യത്തില്‍ പ്രവചനാതീതമായ സാഹചര്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."