ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍
കകംഗിഗഹര: നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായി ജപ്പാനെ വീഴ്ത്തി ഇന്ത്യന്‍ വനിതാ ടീം ഏഷ്യാ കപ്പ് ഹോക്കി പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടന്നു. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം സെമി പോരാട്ടം വിജയിച്ച് കലാശപ്പോരിന് അര്‍ഹത നേടിയത്. നാളെ നടക്കുന്ന ഫൈനലില്‍ കരുത്തരായ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍. പുരുഷ ടീമിന്റെ ഏഷ്യ കപ്പ് കിരീട വിജയത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമും കിരീടത്തിന് തൊട്ടരികിലെത്തി നില്‍ക്കുകയാണ്.
2009ല്‍ ഫൈനല്‍ കളിച്ച ശേഷം എട്ട് വര്‍ഷം പിന്നിട്ടാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ പോരിന്റെ ഫൈനലിലേക്ക് കടക്കുന്നത്. 2009ല്‍ അവസാനമായി ഫൈനല്‍ കളിച്ചപ്പോഴും ചൈനയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 2004ല്‍ ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ചാംപ്യന്‍മാരായിരുന്നു. 1999ലും 2009ലും ഫൈനലില്‍ തോല്‍വി നേരിട്ട് രണ്ടാം സ്ഥാനത്തിലൊതുങ്ങി. 2009ലെ ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നില്‍ തുറന്നുകിട്ടിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഗ്രൂപ്പ് പോരാട്ടത്തില്‍ ചൈനയെ 4-1ന്റെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം കിരീട പോരില്‍ ഇന്ത്യക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കാം.
ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പാണ് ഇന്ത്യന്‍ ടീം നടത്തിയത്. മിന്നും ഫോമിലുള്ള ഗുര്‍ജിത് കൗര്‍ ജപ്പാനെതിരേ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച രണ്ട് ഗോളുകള്‍ നവജോത് കൗര്‍, ലാല്‍റെംസിയാമി എന്നിവരും നേടി. കളിയുടെ ഏഴാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഗുര്‍ജിത് കൗര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു.
രണ്ട് മിനുട്ടിനുള്ളില്‍ തുടരെ രണ്ട് ഗോളുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപിച്ചു. ഫീല്‍ഡ് ഗോളിലൂടെ നവജോത് കൗര്‍ സ്‌കോര്‍ ഉയര്‍ത്തിയതിന് പിന്നാലെ ഗുര്‍ജിത് രണ്ടാം പെനാല്‍റ്റി കോര്‍ണര്‍ ഗോളിലൂടെ ടീമിന്റെ മൂന്നാം ഗോളും സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ പതറാതെ തിരിച്ചടിക്കാന്‍ ജപ്പാന്‍ സാധിച്ചു. ഇടവേളയ്ക്ക് പിരിയുമ്പോള്‍ അവര്‍ സ്‌കോര്‍ 3-2ല്‍ എത്തിച്ചിരുന്നു. രണ്ടാം പകുതി തുടങ്ങി മൂന്നാം ക്വാര്‍ട്ടറിന്റെ 38ാം മിനുട്ടില്‍ ലാല്‍റെംസിയാമി ഇന്ത്യക്ക് നാലാം ഗോള്‍ സമ്മാനിച്ചു. പിന്നീട് ജപ്പാനെ ഫലപ്രദമായി പ്രതിരോധിച്ച് ഇന്ത്യ സുരക്ഷിത വിജയവുമായി ഫൈനലിലേക്ക്.
ടൂര്‍ണമെന്റിലുടനീളം ആധികാരിക പോരാട്ടമാണ് ഇന്ത്യന്‍ വനിതകള്‍ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സിംഗപ്പൂരിനെ 10-0ത്തിന് തകര്‍ത്ത് ഗംഭീര തുടക്കം. രണ്ടാം മത്സരത്തില്‍ ചൈനയെ 4-1ന് വീഴ്ത്തി. മൂന്നാം പോരില്‍ മലേഷ്യയെ 2-0ത്തിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ കസാഖിസ്ഥാനെ 7-1 പരാജയപ്പെടുത്തി സെമിയിലേക്ക്. സെമിയില്‍ ജപ്പാനെ 4-2ന് കീഴടക്കി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കല്‍. അഞ്ച് കളികളില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ എതിരാളിയുടെ മേല്‍ നിക്ഷേപിച്ചത് 27 ഗോളുകള്‍. വഴങ്ങിയതാകട്ടെ നാല് ഗോളുകള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."