2022ഓടെ പുതിയ ഇന്ത്യക്കായി നീതി ആയോഗിന്റെ കര്‍മ പദ്ധതി
ന്യൂഡല്‍ഹി: 2022ഓടെ പുതിയൊരു ഇന്ത്യക്കായുള്ള കര്‍മ പദ്ധതിയുമായി നീതി ആയോഗ്. ദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ രഹിത, അഴിമതി മുക്ത, ഭീകരവാദമോ ജാതീയതയോ വര്‍ഗീയതയോ ഇല്ലാത്ത പുതിയ ഇന്ത്യക്കായുള്ള കര്‍മ പദ്ധതിയാണ് നീതി ആയോഗ് വിഭാവനം ചെയ്യുന്നത്.
കഴിഞ്ഞ മാസം ഗവര്‍ണര്‍മാരുടെ യോഗത്തില്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് പുതിയ ഇന്ത്യ 2022 എന്ന പദ്ധതി അവതരിപ്പിച്ചത്.
ലോകരാജ്യങ്ങളിലെ സാമ്പത്തിക രംഗത്ത് ഇന്ത്യയെ ആദ്യത്തെ മൂന്ന് രാജ്യങ്ങളിലൊന്നാക്കുകയെന്നതാണ് ലക്ഷ്യമെന്നും 2047ഓടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച എട്ടുശതമാനത്തിലെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും നീതി ആയോഗ് പറയുന്നു.
പുതിയതായി നിയമിതനായ നീതി ആയോഗ് ചെയര്‍മാനായ രാജീവ് കുമാര്‍, രാജ്യത്തെ സാമ്പത്തിക നയത്തിന് പുതിയ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചത്. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം 2019ല്‍ ഗ്രാമങ്ങളെകൂടി ബന്ധിപ്പിച്ചുകൊണ്ട് 500 റോഡുകള്‍ കൂടി ഉള്‍പ്പെടുത്തും. ഇതില്‍ 250 റോഡുകള്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമങ്ങളിലായിരിക്കും. എല്ലാ ഗ്രാമങ്ങളെയും പ്രധാനമന്ത്രി ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇത് ഗ്രാമങ്ങളെ പട്ടിണിമുക്തമാക്കുന്നതിനുവേണ്ടിയാണ്.
ഇതോടൊപ്പം തന്നെ വിദ്യാഭ്യാസ രംഗത്തും സമൂലമായ പരിഷ്‌കരണത്തിനാണ് നീതി ആയോഗ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 ആകുമ്പോഴേക്ക് ലോക നിലവാരത്തിലുള്ള 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."