ഹൈപോഗ്ലൈസെമിയയും 'ഡോക്ടര്‍ ദൈവവും'
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ഹൗസ് സര്‍ജന്‍സി കാലം. പോണ്ടിച്ചേരിയിലെ അരിയൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ ഹെല്‍ത്ത് സെന്ററിലാണ് കമ്മ്യൂണിറ്റി മെഡിസിന്‍ പോസ്റ്റിങ്. പത്തുമണി കഴിഞ്ഞാല്‍ ഒ.പിയില്‍ നല്ല തിരക്കാണ്. പച്ച കര്‍ട്ടനിട്ട ഒ.പി മുറിയുടെ ചെറിയ വാതിലും കടന്നു രോഗികളുടെ നിര മുറ്റംവരെ നീളും. വടി കുത്തി വളഞ്ഞുനടക്കുന്ന വൃദ്ധന്മാരായിരിക്കും വരിയില്‍ കൂടുതലും.
'ഇടുപ്പ് വലി ഡോക്ടറേ...'
'മുട്ടി വലി'
'ഒടമ്പു വലി..'
'വലി'യായിരിക്കും അധികം പേരുടെയും പ്രശ്‌നം. വേദനയ്ക്ക് തമിഴില്‍ 'വലി' എന്നാണു പറയുന്നത്. പരിശോധനയ്ക്കു വരുമ്പോള്‍ ഒരു നിബന്ധനയാണ്; 'ഊസി പോടണം'. വേദനക്കാര്‍ക്കു ഗുളിക വേണ്ട, ഇന്‍ജക്ഷന്‍ മതിയെന്ന്.
കൈകളില്‍ നിറയെ പച്ചയും ചുകപ്പും വളകളിട്ട തമിഴത്തിപ്പെണ്ണുങ്ങള്‍ വരിയില്‍നിന്ന് ഉറക്കെ സംസാരിക്കുന്നുണ്ടാകും. എത്ര പറഞ്ഞാലും ശബ്ദംകുറച്ചു സംസാരിക്കാന്‍ അവര്‍ക്കു പറ്റില്ല. ശബ്ദം കുറക്കാന്‍ പറയുന്നതു നിര്‍ത്തി, സ്വന്തം ശബ്ദം ഉയര്‍ത്തല്‍ മാത്രമാണു പരിഹാരമാര്‍ഗമെന്നു ഞങ്ങള്‍ ഡോക്ടര്‍മാരും മറ്റു ജോലിക്കാരും മനസിലാക്കിയിരിക്കുന്നു. ഷുഗര്‍ ടെസ്റ്റ് ചെയ്യാനും മുറിവുകെട്ടാനും ഒക്കെ വരുന്നവര്‍ പ്ലാസ്റ്റിക് കൂടയില്‍ ഭക്ഷണപ്പൊതികളുമായാണു വരിക. വരിയൊപ്പിച്ചു നിന്നിടത്തുതന്നെ കുത്തിയിരുന്ന് സാമ്പാറില്‍ മുക്കി ഇഡ്ഡലി തിന്നുന്നതും തൈര് സാദം കുഴയ്ക്കുന്നതും കാണാം. ആശുപത്രിക്കെട്ടിടത്തിന്റെ മൂലകളിലൊക്കെ വെന്ത പരിപ്പിന്റെയും കായത്തിന്റെയും മണം നിറയും. ഇറക്കം കൂടിയ മുഷിഞ്ഞ ഷര്‍ട്ടും ട്രൗസറും ഇട്ട കുട്ടികള്‍ കൈയിലെ പ്ലാസ്റ്റിക് പന്ത് എറിഞ്ഞുകൊണ്ടോ വായിലൊരു കരിമ്പിന്‍ കഷണം ചവച്ചു കൊണ്ടോ തലങ്ങും വിലങ്ങും ഓടുന്നതു കാണാം. ആകെ ബഹളമയം. ഉച്ച തിരിഞ്ഞു മാത്രമേ അല്‍പ്പം നിശബ്ദത കടന്നുവരികയുള്ളൂ.
സമയം ഉച്ച പന്ത്രണ്ടു മണിയോടടുത്തു കാണും. തിളയ്ക്കുന്ന ഉച്ചവെയില്‍. പുറത്തോരു 'ഷെയര്‍ ഓട്ടോ'യില്‍ താങ്ങിപ്പിടിച്ചു കൊണ്ടുവന്ന രോഗിയെ സ്ട്രച്ചറില്‍ കിടത്തി അകത്തെത്തിച്ചു. രോഗി അനങ്ങുന്നില്ല. പിറകെ അലമുറയിട്ടുകൊണ്ട് ഒരു സംഘവുമുണ്ട്. കൂട്ടത്തില്‍ ഉയരമുള്ള സാരിയുടുത്ത ഒരു സ്ത്രീ 'എന്‍ പുരുഷന്‍...' എന്ന് നിലവിളിച്ചുകൊണ്ടു നെഞ്ചത്തടിച്ചു മുടിയഴിച്ചിട്ടു അലമുറയിടുന്നുണ്ട്. അവരുടെ സാരിത്തുമ്പില്‍ പരിഭ്രാന്തിയോടെ രണ്ടു കുഞ്ഞുങ്ങളും. പാവാടയിട്ട ഏഴ് എട്ടു വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും, അതിനു തൊട്ടുതാഴെ പ്രായമുള്ള ട്രൗസര്‍ മാത്രം ഉടുത്ത ഒരു ചുരുള്മുടിക്കാരന്‍ ആണ്‍കുട്ടിയും. നിമിഷനേരം കൊണ്ട് ഒ.പിക്കു മുന്നിലെ വരിയെല്ലാം ചിതറി എനിക്കു വഴിയൊരുക്കി തന്നു. ഞാന്‍ സ്റ്റെതസ്‌കോപ്പ് എടുത്ത് സ്ട്രച്ചറിനു നേര്‍ക്കു നടന്നു. രോഗി കണ്ണടച്ചു കിടക്കുകയാണ്, അനക്കമില്ല. സൂക്ഷിച്ചുനോക്കിയപ്പോള്‍ വായയുടെ അരികില്‍നിന്നു നുര വന്നതു കണ്ടു. കൂടെ വന്ന അകമ്പടി സംഘം രോഗി മരിച്ചെന്നു കരുതി നിലവിളിയാണ്. രോഗിയുടെ പള്‍സ് നോക്കി, ഷുഗര്‍ നോക്കുന്ന ജി.ആര്‍.ബി.എസ് മെഷിന്‍ എടുക്കാന്‍ വേണ്ടി സിസ്റ്ററെ ഓടിച്ചുവിട്ടു. സൂചി കൊണ്ട് വിരലില്‍ കുത്തി, ഒരു തുള്ളി രക്തം മെഷിനിനു കുടിക്കാന്‍ കൊടുത്തു. രക്തം ഒപ്പിയെടുത്ത ഉടനെ തന്നെ മെഷിന്‍ കമ്മി (ഹീം) കാണിച്ചു ഒച്ചവയ്ക്കാന്‍ തുടങ്ങി. രക്തക്കുഴല്‍ കണ്ടു പിടിച്ച്, രണ്ടു കുപ്പി ഗ്ലൂക്കോസ് കയറ്റിയപ്പോഴേക്ക് അനങ്ങാതെ കിടന്നിരുന്നയാള്‍ ചാടിയെണീറ്റ് ഉഷാറായി.
'നീങ്ക കടവുള്‍ താന്‍ അമ്മാ...' എന്നും പറഞ്ഞ്, രോഗിയുടെ അകമ്പടിസംഘം നിലത്ത് എന്റെ കാലിനരികിലേക്ക് ഒറ്റ വീഴ്ച. കട്ടിലില്‍ പിടിച്ചുനിന്നതു കൊണ്ട് പിറകിലേക്കു മറിഞ്ഞുവീണില്ല. അഡ്മിഷന്‍ കേസ് ഷീറ്റ് എഴുതിവച്ച് ഞാന്‍ ഒ.പിയിലേക്കു രക്ഷപ്പെട്ടു. ഒ.പി തീര്‍ന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥികള്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു.
'അല്ല ഡോക്ടറേ, ഈ ഹൈപോഗ്ലൈസെമിയ(hypoglycemia)...'
'അതെ..നേരത്തെ വന്ന കേസ് അല്ലേ? മുരുകന്‍ എന്നു പേരുള്ള, ബോധമില്ലാതെ വന്ന പേഷ്യന്റ്. ഹൈപോഗ്ലൈസെമിയ തന്നെ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വല്ലാതെ കുറഞ്ഞുപോയി. അതിന്റെ ഭാഗമായാണ് അപസ്മാരവും വായില്‍നിന്നു നുരയും പതയും ബോധക്ഷയവുമൊക്കെ ഉണ്ടായത്. മുരുകനെ പോലെയുള്ള മദ്യപാനികളില്‍ ഷുഗര്‍ കുറയാനുള്ള സാധ്യതയും അപകടവും കൂടുതലാണ്.'
ഒ.പിയിലെ ചര്‍ച്ച അങ്ങനെ ഹൈപോഗ്ലൈസെമിയയിലേക്കു നീണ്ടുപോയി. പ്രമേഹരോഗികളില്‍(പ്രത്യേകിച്ച് ഇന്‍സുലിനും പ്രമേഹഗുളികകളും ഉപയോഗിക്കുന്നവരില്‍), മദ്യപാനികളില്‍, എന്തിന് ആരോഗ്യവാന്മാരായ കുഞ്ഞുങ്ങള്‍ കുറേ നേരത്തേക്കു ഭക്ഷണം കഴിക്കാതിരുന്നാല്‍ വരെ ഹൈപോഗ്ലൈസെമിയ ഉണ്ടാകാം. പഞ്ചസാരയുടെയും അന്നജത്തിന്റെ അംശം കൂടുതലുള്ള ഭക്ഷണത്തിന്റെയും ഉപയോഗം കൊണ്ട് ഒരളവു വരെ ഇതു പരിഹരിക്കാം. ക്ഷീണം, വിറയല്‍, തലവേദന, ഹൃദയമിടിപ്പ് കൂടല്‍, വിയര്‍പ്പ് എന്നിവയാണു പ്രാഥമിക ലക്ഷണങ്ങള്‍. കുറേക്കൂടെ ഗുരുതരാവസ്ഥയില്‍ അപസ്മാരം, ബോധക്ഷയം തുടങ്ങിയവ ഉണ്ടാകുന്നു. ഇത്തരം രോഗികളില്‍ വായിലൂടെയുള്ള ചികിത്സ സാധ്യമല്ല. അവര്‍ക്കു ശരീരത്തില്‍ ഗ്ലൂക്കോസ് കുത്തിവയ്‌ക്കേണ്ടി വരും.
ഒ.പി പൂട്ടി ഞങ്ങളിറങ്ങി ക്വാര്‍ട്ടേഴ്‌സിനു നേര്‍ക്കുനടന്നു. പിറ്റേന്നു രാവിലെ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തുറന്നപ്പോള്‍ ആദ്യം കണ്ടതു വലിയൊരു കെട്ട് കരിമ്പും അതിനു പിറകില്‍ വരിവരിയായി കൂടകളില്‍ പേരക്കയും മാങ്ങയും വാഴക്കൂമ്പും ഒക്കെയായിരുന്നു.
'മരിച്ചയാളെ ജീവിപ്പിച്ച ഡോക്ടര്‍ ദൈവത്തെ കാണാന്‍ രാവിലെ തന്നെ ആരാധകരാണല്ലോ...' എന്നു പറഞ്ഞു ചിരിച്ചുകൊണ്ട് സഹമുറിയന്മാര്‍ വരാന്തയിലേക്കു വന്നു. തലേദിവസത്തെ രോഗിയുടെ ബന്ധുക്കളായിരുന്നു മുറ്റം നിറയെ. മുതുകു വളച്ച്, കൈകൂപ്പി നില്‍ക്കുന്ന പാവങ്ങളെ കണ്ടപ്പോള്‍ അകത്തു കയറി ഒളിക്കാനാണു തോന്നിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്നും അത് ഗ്ലൂക്കോസ് കൊടുത്തപ്പോള്‍ ശരിയായതാണെന്നും പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവരുടെ കണ്ണുകളിലെ തിളക്കത്തിനും അത്ഭുതത്തിനും കുറവുണ്ടായിരുന്നില്ല. ആശ്വാസങ്ങളെല്ലാം അവര്‍ക്ക് ദൈവത്തിന്റെ അംശങ്ങളായിരുന്നു. അത് ഡോക്ടറായാലും മരുന്നായാലും ഭക്ഷണമായാലും കള്ളായാലും തീയായാലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."