ആര്‍.എം.എസ്.എ: പദ്ധതിയിലുള്‍പ്പെടാത്ത വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപക തസ്തിക സൃഷ്ടിച്ചു
ചെറുവത്തൂര്‍: ആര്‍.എം.എസ്. എ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 28 വിദ്യാലയങ്ങളിലെ ഭരണപ്രതിസന്ധിക്ക് പരിഹാരം. ഈ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രഥമാധ്യാപക തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കി. ഹൈസ്‌കൂള്‍ ക്‌ളാസുകള്‍ ഉണ്ടായിട്ടും നിലവില്‍ പ്രൈമറി പ്രധാനാധ്യാപകര്‍ മാത്രമാണ് ഇവിടങ്ങളില്‍ ഉണ്ടായിരുന്നത്.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്ന ഇടുക്കി ,വയനാട് ,പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ മുപ്പത് യു.പി വിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് എട്ടാം ക്ലാസ് തുടങ്ങാന്‍ 2013 ല്‍ അനുമതി നല്‍കിയിരുന്നു.
പിന്നീട് 9,10 ക്ലാസുകള്‍ കൂടി ആരംഭിച്ചു ഇവ പൂര്‍ണ ഹൈസ്‌കൂളുകളായി മാറി. എന്നാല്‍ ഈ വിദ്യാലയങ്ങളെ ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത നിലവന്നു. ആവശ്യത്തിനു അധ്യാപകര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കുട്ടികളുടെ പഠനവും പ്രതിസന്ധിയിലായി.
പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇവിടങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേത് പോലെ തന്നെ അധ്യാപക അനധ്യാപക നിയമനവും തസ്തിക നിര്‍ണയവും നടത്താന്‍ 2016 ല്‍ ഉത്തരവായത്.
എന്നാല്‍ മുപ്പത് വിദ്യാലയങ്ങളില്‍ വയനാട് ജില്ലയിലെ തിരുനെല്ലി, കാസര്‍കോട് ജില്ലയിലെ അടുക്കത്ത് ബയല്‍ എന്നിവ ഒഴികെ 28 വിദ്യാലയങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. ഈ രണ്ടുസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള നടപടികള്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
ഇതിനിടയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 28 വിദ്യാലയങ്ങളില്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യാപക തസ്തിക സൃഷ്ടിച്ചില്ല. പകരം അവിടങ്ങളില്‍ ഉണ്ടായിരുന്ന പ്രൈമറി പ്രധാനാധ്യാപകര്‍ സ്ഥാപനമേധാവിയായി. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇത് കടുത്ത പ്രതിസന്ധിയുണ്ടാക്കി. പ്രൈമറി പ്രധാനാധ്യാപകര്‍ വിരമിച്ചയിടങ്ങളില്‍ പകരം പ്രധാനാധ്യപകര്‍ എത്തിയതുമില്ല.
ഈ സാഹചര്യത്തിലാണ് ഹൈസ്‌കൂളുകളില്‍ പ്രഥമാധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഹൈസ്‌കൂള്‍ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റില്‍ നിന്ന് സ്ഥാനക്കയറ്റം വഴിയാകും നിയമനം. ഇവിടങ്ങളിലെ പ്രൈമറി പ്രധാനാധ്യാപകരെ മറ്റു വിദ്യാലയങ്ങളിലേക്ക് മാറ്റിനിയമിക്കേണ്ടിയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."