കോട്ടയത്ത് തീപിടിത്തം; ഒരു കോടിയുടെ നഷ്ടം
കോട്ടയം: ചന്തക്കടവിലെ ബേക്കറി നിര്‍മാണ ഉല്പന്നങ്ങളുടെ മൊത്തവിതരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് തീപിടിച്ചത്. പാനിയക്കുളങ്ങര പി.ആര് രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള അന്നാ ട്രെഡേഴ്സിനാണ് തീപിടിച്ചത്. ഇദ്ദേഹത്തിന്റെ വീടുംകൂടി ചേര്‍ന്നുള്ള കെട്ടിടമാണിത്. തീപിടിത്തത്തെ തുടര്‍ന്ന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ ഇടങ്ങളില്‍ നിന്നെത്തിയ 13 ഫയര്‍ ഫോഴ്സ് യൂനിറ്റുകള്‍ നാലര മണിക്കൂറെടുത്താണ് തീയണച്ച് സ്ഥിതി പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.
സമീപത്തെ പത്ര ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാരന് ബിജുവാണ് തീയാളുന്നത് ആദ്യം കണ്ടത്. ഇദ്ദേഹമാണ് വീട്ടുകാരെ വിളിച്ചുണര്‍ത്തിയത്. നാലുനില കെട്ടിടത്തിന്റെ ആദ്യ നിലയില്‍ കടയും രണ്ടാം നിലയില്‍ ഗോഡൗണുമാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും മുകള്‍ നിലയിലാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ പത്രക്കെട്ടുകള്‍ കയറ്റി അയച്ചതിന് ശേഷം ഗേറ്റു പൂട്ടാനായി പോകുമ്പോഴാണ് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ഗോഡൗണിന്റെ പിന്‍ഭാഗത്ത്നിന്ന് തീപടരുന്നത് ബിജു കണ്ടത്. ഉടന്‍ തന്നെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് അപ്പോഴേക്കും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഗോഡൗണിന്റെ പിന്‍ഭാഗത്ത് ഐസ്ക്രീമിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറുകളിലൊന്നിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപടര്‍ന്നതാകാമെന്നാണ് കരുതുന്നത്.
തീയും പുകയും ബേക്കറി ഉല്‍പ്പന്നങ്ങളുടെ ഗന്ധവും രക്ഷാപ്രവര്‍ത്തനം അസാധ്യമായി. പുക തിങ്ങി കെട്ടിടത്തിന്റെ ചില്ലുകളും പൊട്ടിച്ചിതറി. ചങ്ങനാശേരി, പാമ്പാടി എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ ഫയര്‍ യൂനിറ്റെത്തി ഒമ്പതരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."