തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച കാര്‍ട്ടൂണിസ്റ്റിന് ജാമ്യം
കോയമ്പത്തൂര്‍: തമിഴ്‌നാട് സര്‍ക്കാരിനെയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും വിമര്‍ശിച്ച കുറ്റത്തിന് പൊലിസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട്ടിലെ പ്രശസ്ത ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് ജി.ബാലയ്ക്ക് ജാമ്യം. തിരുനെല്‍വേലി മജിസ്‌ട്രേറ്റ് കോടതിയാണ് തിങ്കളാഴ്ച്ച രാവിലെ ബാലയ്ക്ക് ജാമ്യം അനുവദിച്ചത്.
തിരുനെല്‍വേലി കലക്ടറേറ്റില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ രക്ഷിക്കുന്നതില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും വീഴ്ചവരുത്തിയെന്ന് ദ്യോതിപ്പിക്കുന്നതായിരുന്നു ബാലയുടെ കാര്‍ട്ടൂണ്‍. രാഷ്ട്രീയസ്വഭാവമുള്ള കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധേയനായ ബാലയുടെ അറസ്റ്റ് വന്‍ വിവാദമായിരുന്നു.
ഒരു കുട്ടി പൊള്ളലേറ്റു കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും തിരുനെല്‍വേലി കമ്മിഷണറും കലക്ടറും ഒന്നും ചെയ്യാതെ ചുറ്റിലും നില്‍ക്കുന്നതാണ് കാര്‍ട്ടൂണിന്റെ ഇതിവൃത്തം. ഇവരെ നഗ്‌നരായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവര്‍ നോട്ടുകെട്ടുകള്‍ ഉപയോഗിച്ച് നഗ്‌നതമറയ്ക്കുന്നതും കാര്‍ട്ടൂണിലുണ്ട്. കുട്ടിയുടെ ജീവനു വിലകല്‍പ്പിക്കാതെ പണത്തിനു പിന്നാലെ പോകുന്ന നേതാക്കളെയും ഉദ്യോഗസ്ഥരെയും വിമര്‍ശിക്കുന്നതാണ് കാര്‍ട്ടൂണ്‍.
ഒക്ടോബര്‍ 24ന് ബാല സമൂഹമാധ്യമത്തിലെ തന്റെ പേജില്‍ ഈ കാര്‍ട്ടൂണ്‍ പങ്കുവച്ചിരുന്നു. ഇത് നിമിഷങ്ങള്‍ക്കകം വൈറലാകുകയും 40,000ലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. താനുള്‍പ്പെടെയുള്ളവര്‍ കഥാപാത്രങ്ങളായ കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ തിരുനെല്‍വേലി ജില്ലാ കലക്ടര്‍ ഇക്കാര്യം തമിഴ്‌നാട് ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ബാലയെ അറസ്റ്റ് ചെയ്തത്.
അപകീര്‍ത്തികരവും അശ്ലീലം കലര്‍ന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് ബാലയെ അറസ്റ്റ് ചെയ്തത്. കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ts#andwithCartoontsiBala എന്ന പേരിലുള്ള ഹാഷ് ടാഗും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."