ഹൈക്കോടതി പരാമര്‍ശം: തോമസ് ചാണ്ടിക്കിനി രക്ഷയില്ല
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിവാദത്തില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതി പരാമര്‍ശം കൂടി വന്നതോടെ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തുലാസില്‍. കൈയേറ്റം വ്യക്തമായിട്ടും നടപടിയെടുക്കാത്തതിനെതിരേയുള്ള കോടതി വിമര്‍ശനം തോമസ് ചാണ്ടിയെ ഇനിയാര്‍ക്കും രക്ഷിക്കാനാകില്ലെന്ന സൂചനയാണ്.
നഗ്നമായ നിയമലംഘനം നടത്തിയിട്ടും മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് വന്‍തിരിച്ചടിയാണ് ഹൈക്കോടതി പരാമര്‍ശം.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാത്തതെന്തെന്നാണ് കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്നും പാവപ്പെട്ടവന്റെ കൈയേറ്റം ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നുമായിരുന്നു ചോദ്യം. കൈയേറ്റങ്ങളിലെ പൊതുനിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മന്ത്രിയെ സംരക്ഷിക്കാനായി നിയമോപദേശത്തിന് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനേറ്റ ചെകിട്ടത്തടിയാണിത്.
തോമസ് ചാണ്ടിയോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശമുണ്ടാകുന്ന സാഹചര്യം വന്നാല്‍ അപ്പോള്‍ നോക്കാമെന്നായിരുന്നു ധാരണ.
എന്നാല്‍, നടപടിയെടുക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയതോടെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്ത സ്ഥിതിയാണ്.
സര്‍വ പഴുതുകളും അടച്ചാണ് ആലപ്പുഴ കലക്ടര്‍ ടി.വി അനുപമ അന്തിമറിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം മന്ത്രി നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
ഈ നിയമം അനുസരിച്ച് കുറ്റകൃത്യത്തിന് ജാമ്യം ലഭിക്കില്ല. നിയമപ്രകാരമുള്ള കുറ്റവിചാരണ നടത്തുന്നതിനുള്ള അധികാരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്കാണ്.
അനധികൃത കൈയേറ്റം ഒഴിപ്പിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ചെറുത്ത് നില്‍പ്പ് കൈയേറ്റക്കാരുടെ ഭാഗത്തുനിന്നുണ്ടായാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അധികാരവും കലക്ടര്‍ക്കുണ്ട്. ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികളെ സിവില്‍ കോടതി മുഖേന ചോദ്യം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇക്കാര്യങ്ങള്‍ നിലവിലിരിക്കേ നിയമോപദേശകന്‍ വിചാരിച്ചാലും തോമസ് ചാണ്ടിക്ക് ഭൂസംരക്ഷണ നിയമത്തിന്റെയും ചട്ടത്തിന്റെയും കുരുക്കില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നതാണ് വസ്തുത.
അതേസമയം, സി.പി.എമ്മിലെ ഒരു വിഭാഗവും എന്‍.സി.പി ഒഴികെയുള്ള മറ്റ് ഘടകകക്ഷികളും മന്ത്രിക്കെതിരേ നടപടിയെടുക്കാത്തതില്‍ അതൃപ്തരാണ്. നടപടി നീട്ടിക്കൊണ്ടുപോകുന്നതിലുള്ള സി.പി.ഐയുടെ നിലപാടും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനിയും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."