ഭൂമി ഏറ്റെടുക്കുന്നതില്‍ തുറന്ന സമീപനമെന്ന് കലക്ടര്‍
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ തുറന്ന സമീപനമാണുള്ളതെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വിമാനത്താവള വികസനത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമായിരിക്കുകയാണ്. റണ്‍വേ വികസനം ഉണ്ടായില്ലെങ്കില്‍ വിമാനക്കമ്പനികള്‍ തിരുവനന്തപുരത്തെ ഉപേക്ഷിക്കും.
തെക്കന്‍ ജില്ലകളിലുള്ളവരെ കൂടാതെ കന്യാകുമാരി, തൂത്തുക്കുടി ഭാഗങ്ങളിലുള്ളവരും തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്. വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് പോയാല്‍ തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ ഭാവി വളര്‍ച്ച അസാധ്യമാകും. കന്യാകുമാരിയിലും തൂത്തുക്കുടിയിലും വിമാനത്താവള വികസനത്തിന് പ്രാഥമിക നടപടി തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള യാത്രക്കാര്‍ നഷ്ടപ്പെട്ടാല്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സാമ്പത്തികമായും പ്രതിസന്ധി സൃഷ്ടിക്കും. നിലവില്‍ തിരുവനന്തപുരത്ത് ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകള്‍ രണ്ടു ഭാഗത്താണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇത് പ്രയാസകരമാണ്.
കൂടാതെ രണ്ടു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചെലവ് താങ്ങേണ്ടി വരുന്നത് സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നുണ്ടെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. വള്ളക്കടവ് പൊന്നറ പാലത്തിലൂടെ വാഹന ഗതാഗതം തടസപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഇവിടെ 250 മീറ്ററും ഓള്‍സെയിന്റ്‌സ് ഭാഗത്തു മരങ്ങള്‍ മുറിക്കാന്‍ കഴിയാത്തതിനാല്‍ 350 മീറററും റണ്‍വേ ഉപയോഗിക്കാനാവില്ല. വടക്കുനിന്ന് വരുന്ന വിമാനങ്ങള്‍ കോവളം ഭാഗത്തേക്ക് സഞ്ചരിച്ച് ലാന്റ് ചെയ്യേണ്ടി വരുന്നതിനാല്‍ ഇന്ധനം അധികം ചെലവിടേണ്ടി വരുന്നു. ഈ സാഹചര്യങ്ങളാണ് 18 ഏക്കറോളം ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാക്കുന്നതെന്നും ഇതിന് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും കലക്ടര്‍ പറഞ്ഞു.
സ്ഥലം ഏറെറടുക്കുന്നതിന് തടസം സൃഷ്ടിക്കുന്നവര്‍ ഭൂവുടമകളോ തദ്ദേശവാസികളോ അല്ലെന്ന കാര്യത്തില്‍ സംശയമില്ല. സഹകരിക്കാന്‍ തയാറാകാത്തവര്‍ 18 ഏക്കര്‍ ഭൂമിയില്‍ എതിര്‍പ്പുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. പ്രതിഷേധത്തിന്റെ മറവില്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തി കൂടിയ വിലയ്ക്ക് സര്‍ക്കാരിന് കൈമാറാമെന്ന് ഉദ്ദേശിക്കുന്നവരുണ്ട്. അവര്‍ സ്ഥലമുടമകളെ സമീപിച്ച് വില വാഗ്ദാനം ചെയ്യുന്നതായും വിവരമുണ്ട്.
ഈ സാഹചര്യത്തിലാണ് സ്ഥലമുടമകളുമായി ചര്‍ച്ച നടത്തുന്നതെന്നും അതിനു ശേഷമേ സര്‍വേ നടപടികള്‍ നടത്തുകയുള്ളൂവെന്നും അറിയിച്ചതെന്നും കലക്ടര്‍ പറഞ്ഞു. പ്രതിഷേധം പരിഗണിച്ച് ഭൂമി ഏറെറടുക്കാതിരുന്നാല്‍ ഹോങ്കോങ്, സിംഗപ്പൂര്‍ മാതൃകയില്‍ കടലില്‍ റണ്‍വേ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടാവുന്ന സ്ഥിതിഗതികളിലേക്ക് നയിക്കാതെ ഭൂമി വിട്ടുനല്‍കി സഹകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."