കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഉരുവച്ചാല്‍(കണ്ണൂര്‍): നെല്ലൂന്നിയില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നെല്ലൂന്നി അങ്കണവാടിക്ക് സമീപത്തെ പി സൂരജ്(26), പെരുമ്പച്ചാലിലെ പി. ജിതേഷ് (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് ഇരുവര്‍ക്കും പരുക്ക്.
നെല്ലൂന്നി ഗ്രാമദീപം വായനശാലക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് ജിതേഷിന് വെട്ടേറ്റത്. സൂരജിന് നെല്ലൂന്നി കള്ളുഷാപ്പില്‍ വച്ചാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം ജിതേഷിനെ ആക്രമിച്ചതിനുശേഷം അര കിലോ മീറ്റര്‍ അകലെയുള്ള കള്ളുഷാപ്പില്‍ കയറിയാണ് സൂരജിനെയും വെട്ടിയത്. സംഭവ സമയം കള്ളുഷാപ്പില്‍ ഉണ്ടായിരുന്നവര്‍ അക്രമികളെ കണ്ട് ചിതറിയോടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ അക്രമികള്‍ ഉപേക്ഷിച്ച ഒരു വാള് പൊലിസ് കണ്ടെടുത്തു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍, എസ്.ഐ രാജീവ് കുമാര്‍
എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നെല്ലൂന്നിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ ഓട്ടോ ടാക്സി തകര്‍ത്തിരുന്നു. രണ്ട് മാസത്തോളമായി നെല്ലൂന്നിയില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."