പാര്‍ത്ഥസാരഥി ക്ഷേത്രം: വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം കേരള സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നു പ്രചരിപ്പിക്കുന്നതു സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി. അഴിമതിയിലൂടെ സമ്പത്തു കുന്നുകൂട്ടാന്‍ സ്ഥാപിതതാല്‍പര്യക്കാര്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയെന്നതും ഇത്തരക്കാരുടെ ലക്ഷ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളീയ പൊതുസമൂഹം ദുഷ്പ്രചാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെടുകയില്ലെന്നു സര്‍ക്കാരിന് ഉറപ്പുണ്ട്. ക്ഷേത്രം ഏതോ ദുരുദ്ദേശത്തോടെ, സ്വമേധയാ, തന്ത്രപരമായി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന നിലയ്ക്കാണു ചിലര്‍ പ്രചാരണം നടത്തുന്നത്. സത്യവുമായി ഇതിനു ബന്ധമില്ല. ഏറ്റെടുത്തതു സര്‍ക്കാരല്ല. ക്ഷേത്രപരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വംബോര്‍ഡാണ്. ആ ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതാകട്ടെ ക്ഷേത്രത്തെ അഴിമതി ചൂഴ്ന്ന സാഹചര്യത്തിലും കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുമാണ്.
കോടതി വിധി നടപ്പിലാക്കുക മാത്രമാണു ബോര്‍ഡ് ചെയ്തത്. വിധി നടപ്പാക്കിയതിനു ബോര്‍ഡിനെയും സര്‍ക്കാരിനെയും ആക്രമിച്ചിട്ടു കാര്യമില്ല. അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല. അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ വിട്ടുവീഴ്ചയുമില്ല. ദരിദ്രാവസ്ഥയിലുള്ള ക്ഷേത്രങ്ങളെ സഹായിക്കുന്നതിന് എന്തു ചെയ്യാനാവുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."