ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല വിദ്യാര്‍ഥികള്‍ വീണ്ടും ബസ് തടഞ്ഞു
നാദാപുരം: ഇരിങ്ങണ്ണൂര്‍ ഹൈസ്‌കൂള്‍ സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വീണ്ടും സംഘര്‍ഷം. സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്ന് ആരോപിച്ച് തലശ്ശേരിയില്‍ നിന്നു കൂരാച്ചുണ്ടിലേക്കു പോവുകയായിരുന്ന നന്ദനം ബസാണ് ഇന്നലെ വൈകിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കഴിഞ്ഞദിവസവും വിദ്യാര്‍ഥികള്‍ ഇവിടെ ബസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികളെയും ജീവനക്കാരെയും പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ചിരുന്നു.
സ്‌കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ അകലെയുള്ള പെരിങ്ങത്തൂരില്‍ വിദ്യാര്‍ഥികളെ ഇറക്കിവിട്ടുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടും ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഏതാനും വിദ്യാര്‍ഥികള്‍ പെരിങ്ങത്തൂരിലിറങ്ങി മനപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടയില്‍ ബസ് ജീവനക്കാരായ രാജേഷ് കുറുവന്തേരി, അനൂപ് തൊട്ടില്‍പ്പാലം, നിഖില്‍ ചൊക്ലി എന്നിവര്‍ക്ക് മര്‍ദനമേറ്റു. പരുക്കേറ്റ നിഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിനിടയില്‍ ബസിന്റെ കണ്ണാടി, പിന്‍വശത്തെ ലൈറ്റുകള്‍ എന്നിവ തകര്‍ക്കപ്പെട്ടു. വിദ്യാര്‍ഥികളുടെ നടപടിയില്‍ പ്രതിഷേധിച്ച് റോഡില്‍ നിന്നു ബസ് മാറ്റാന്‍ ജീവനക്കാര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം റോഡില്‍ ഗതാഗത സ്തംഭനമുണ്ടായി. ഗതാഗത സ്തംഭനം ഉണ്ടാക്കിയതിന് ബസ് ജീവനക്കാരുടെ പേരില്‍ പൊലിസ് കേസെടുത്തു. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഈ ബസ് വിദ്യാര്‍ഥികള്‍ തടയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."