വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു
തിരുവനന്തപുരം: ചാച്ചാജി സ്മരണയില്‍ നാടെങ്ങും ശിശുദിനാഘോഷം .തലസ്ഥാന നഗരത്തില്‍ ഇന്നലെ വിവിധ പരിപാടികളാണ് നടന്നത്. വൈകിട്ട് നടന്ന ശിശുദിന ഘോഷയാത്ര വര്‍ണ ശബളമായിരുന്നു. നിറമുള്ള പൂക്കളായും, ശലഭങ്ങളായും , സ്വാതന്ത്ര്യസമര സേനാനികളായുമൊക്കെ വേഷമണിഞ്ഞ് കുട്ടികള്‍ റാലിയില്‍ അണിനിരന്നു. ഇന്നലെ വൈകിട്ട് എസ്.എം.വി സ്‌കൂളില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിനു ശേഷമാണ് റാലി ആരംഭിച്ചത്.
'സുരക്ഷിത ബാല്യത്തിന് താങ്ങാകാം..തണലാകാം...'എന്നതായിരുന്നു റാലിയുടെ സന്ദേശം. കുട്ടികളുടെ പ്രധാനമന്ത്രിയും, പ്രസിഡന്റും സ്പീക്കറും തുറന്ന ജീപ്പില്‍ കാണികളെ അഭിവാദ്യം ചെയ്ത് മുന്നില്‍ നീങ്ങി. റോളര്‍ സ്‌കേറ്റിങും, പഞ്ചാവദ്യവും . തൊട്ടുപിന്നില്‍ അകമ്പടി സേവിച്ച് പൊലിസിന്റെ പഞ്ചവാദ്യവനും അശ്വാരൂഢ സേനയും ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സും. പിന്നിലായി നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും അണിനിരന്നു.
നഗരത്തിലെ അന്‍പതോളം സ്‌കൂളുകളില്‍ നിന്നുള്ള നാലായിരത്തോളം കുട്ടികളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഭാരതാംബയും മഹാത്മാഗാന്ധിയും ചാച്ചാജിയും മദര്‍ തെരേസയും ഇന്ദിരാ ഗാന്ധിയുമായുള്ള കുട്ടികളുടെ വേഷ പകര്‍ച്ച കാണികളില്‍ കൗതുകമുണര്‍ത്തി.
മതസൗഹാര്‍ദം വിളിച്ചോതുന്ന വേഷങ്ങളണിഞ്ഞും ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, ഒപ്പന തുടങ്ങിയ നൃത്തരൂപങ്ങള്‍ അണിഞ്ഞും കുട്ടികള്‍ നടന്നു നീങ്ങി. എസ്.എം.വി സ്‌കൂളില്‍ നിന്നാരംഭിച്ച റാലി യൂനിവേഴ്‌സിറ്റി കോളജില്‍ സമാപിച്ചു. കുട്ടികളുടെ റാലി കാണാന്‍ വഴി നീളെ കാണികളുടെ തിരക്കായിരുന്നു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കുടിവെള്ള വിതരണവും നടത്തി.
തിരുവനന്തപുരം : അസഹിഷ്ണുതക്കും അനീതിക്കും എതിരെയുള്ള കുട്ടികളുടെ ഉറച്ച പ്രതികരണമായിരുന്നു ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷത്തില്‍ ഉയര്‍ന്ന് കേട്ടത്. എസ്.എം.വി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ച കുട്ടികളുടെ നേതാക്കള്‍ രാജ്യത്തെ സ്ഥിതി വിശേഷങ്ങള്‍ കുട്ടികളും നിരീക്ഷിക്കുന്നുണ്ടെന്ന് പറയാതെ പറയുകയായിരുന്നു. ആസുര കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കുട്ടികളുടെ പ്രസിഡന്റ് അദ്വൈത് പി.ആര്‍ (ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂള്‍), പറഞ്ഞു. സത്യം പറയുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും നാവ് പിഴുതെടുക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഭക്ഷണ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുകയാണെന്നും ഓരോ വ്യക്തിയും ജാഗ്രത പാലിക്കണമെന്നും അദ്വൈത് പറഞ്ഞു.
ബാലവേലക്കും കുട്ടികള്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ക്കും എതിരേ കര്‍ശന നടപടി വേണമെന്ന് കുട്ടികളുടെ പ്രധാനമന്ത്രി അഭി നവമിരാഗ് (കാര്‍മല്‍ സ്‌കൂള്‍) പറഞ്ഞു. സംരക്ഷണമേകേണ്ടവര്‍ തന്നെ കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുകയാണ്. നാടിന്റെ നന്മ കാത്തു സൂക്ഷിക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാമെന്നും അഭി നവമി രാഗ് പറഞ്ഞു. ലോകത്ത് അഭയാര്‍ഥികളാകേണ്ടി വന്ന കുഞ്ഞുങ്ങളെ കൂടി ഓര്‍ക്കണമെന്ന് പറഞ്ഞാണ് കുട്ടികളുടെ സ്പീക്കര്‍ ആര്‍ച്ച എ.ജെ (സെന്റ് തോമസ് എച്ച്.എസ്.എസ്) മുഖ്യപ്രഭാഷണം തുടങ്ങിയത്.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഗൗരലങ്കേഷിന്റെ കൊലപാതകം. അസഹിഷ്ണുതക്കും അനീതിക്കും എതിരേ പാഠപുസ്തകത്തെ വജ്രായുധമാക്കണമെന്നും സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരേ കലഹിക്കണമെന്നും ആര്‍ച്ച പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."