ടിപ്പുസുല്‍ത്താന്‍ റോഡിന് ശാപമോക്ഷം ഇനിയുമകലെ; കാല്‍നട പോലും ദുഷ്‌കരമായിരിക്കുകയാണ്
കൊട്ടശ്ശേരി: ചരിത്രപ്രാധാന്യമുള്ളതും ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജനകരവുമായ ടിപ്പുസുല്‍ത്താന്‍ റോഡിനോടുള്ള അവഗണനയില്‍ പ്രതിഷേധം വ്യാപകമാകുന്നു. നാലു പഞ്ചായത്തുകളും രണ്ടു നിയമസഭാ മണ്ഡലങ്ങളും പങ്കിടുന്ന ടിപ്പുസുല്‍ത്താന്‍ റോഡ് നിര്‍മാണ വേളയില്‍ റോഡില്‍ എന്തുണ്ടായിരുന്നോ വര്‍ഷങ്ങള്‍ക്കു ശേഷവും അതില്‍കൂടുതല്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ഈ റോഡില്‍ പലയിടങ്ങളിലും കാല്‍നട പോലും ദുഷ്‌കരമായിരിക്കുകയാണ്.
കോങ്ങാട്, കടമ്പഴിപ്പുറം, കാരാകുര്‍ശ്ശി, മണ്ണാര്‍ക്കാട് പഞ്ചായത്തുകള്‍ വഴി കടന്നുപോകുന്ന ടിപ്പുസുല്‍ത്താന്‍ റോഡ് കോങ്ങാട്, മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലങ്ങളും പങ്കിടുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡിനോട് വര്‍ഷങ്ങളായി ഉദ്യോഗസ്ഥര്‍ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. മണ്ണാര്‍ക്കാട് നിന്നും കോങ്ങാട് എത്തുന്നതിനുള്ള ഏറ്റവും കുറവ് ദൂരമുള്ള റോഡാണിത്. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മുണ്ടൂരിനും മണ്ണാര്‍ക്കാടിനും ഇടയില്‍ ഗതാഗത തടസമുണ്ടാകുന്ന വേളയില്‍ ബദല്‍റോഡായി ഉപയോഗിക്കുന്നതും ഈ റോഡാണ്.
ഗതാഗത സൗകര്യങ്ങള്‍ താരതമ്യേന കുറവുളള കടമ്പഴിപ്പുറം പഞ്ചായത്തിന്റെ പകുതി ഭാഗവും കാരാകുര്‍ശ്ശി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ക്കും ചികിത്സക്കും കച്ചവടാവശ്യങ്ങള്‍ക്കും പ്രധാന ടൗണുകളായ കോങ്ങാടോ മണ്ണാര്‍ക്കാടോ എത്തണമെങ്കില്‍ പൊട്ടിപ്പൊളിഞ്ഞ ടിപ്പുറോഡിനെയല്ലാതെ പകരം ആശ്രയിക്കാന്‍ സൗകര്യങ്ങളുന്നുമില്ല.
പ്രതിഷേധങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ടിപ്പു റോഡ് നവീകരണത്തിനായി 15 കോടി പാസായിട്ടുണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വാക്കാല്‍ വ്യക്തമാക്കിയതല്ലാതെ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
രണ്ടുമാസത്തിനുള്ളില്‍ ഈ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."