വാര്‍ഷിക പദ്ധതിയില്‍ ജില്ല 28.89 ശതമാനം തുക ചെലവഴിച്ചു
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ജില്ല ഇതുവരെ 28.89 ശതമാനം പദ്ധതി തുക ചെലവഴിച്ചു. പദ്ധതി തുക ചെലവഴിച്ചതില്‍ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിനു ഗുണഭോക്താക്കള്‍ വരുമാനസര്‍ട്ടിഫിക്കറ്റിന് പകരം വരുമാനം ബോധ്യപ്പെടുന്നതിനു റേഷന്‍കാര്‍ഡ്, നിര്‍വഹണ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം, മറ്റേതെങ്കിലും പദ്ധതിക്കു വേണ്ടി ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാമെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ ജില്ലാ ആസൂത്രണ സമതി യോഗത്തില്‍ അറിയിച്ചു. ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് ഉപയോഗിച്ച അറ്റകുറ്റപ്പണികള്‍ക്ക് ടാറിങിനോടൊപ്പം കോണ്‍ക്രീറ്റ് പ്രവര്‍ത്തികളും ചെയ്യുന്നതിന് ബന്ധപ്പെട്ട എന്‍ജിനിയറുടെ സാക്ഷ്യപത്രത്തോടെ അനുമതി നല്‍കും. ഹരിത കേരള മിഷന്‍ വഴി നടപ്പിലാക്കുന്ന കിണര്‍ റീചാര്‍ജ്ജിങ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം നിര്‍ദേശിച്ചു.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ തെരുവു നായ ശല്യം തടയുന്നതിനു ജില്ലാ പഞ്ചായത്തു നടപ്പാക്കുന്ന എ. ബി.സി മിഷന്റെ ഭാഗമായി അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. ഡിസംബര്‍ അവസാനവാരം ജില്ലയില്‍ പട്ടികവര്‍ഗ വകുപ്പ് സര്‍ഗോത്സവം സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് തുടങ്ങിയവയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പ്രവര്‍ത്തികള്‍ക്കു നല്‍കിയിരിക്കുന്ന ഡപ്പോസിറ്റ് തുകയുടെയും പദ്ധതി പുരോഗതിയുടെയും റിപ്പോര്‍ട്ട് തയാറാക്കാന്‍ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. മീഞ്ച, ബളാല്‍, പുല്ലൂര്‍പെരിയ, മടിക്കൈ, പിലിക്കോട്, കയ്യൂര്‍ചീമേനി, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, കിനാനൂര്‍കരിന്തളം, വൊര്‍കകാടി ഗ്രാമപഞ്ചായത്തുകളുടെയും കാഞ്ഞങ്ങാട് നഗരസഭയുടെയും ഭേദഗതി പദ്ധതികള്‍ യോഗം അംഗീകരിച്ചു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. കലക്ടര്‍ കെ. ജീവന്‍ ബാബു പദ്ധതികള്‍ അവലോകനം ചെയ്തു. ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഹര്‍ഷാദ് വൊര്‍ക്കാടി, ഇ. പത്മാവതി, എം. നാരായണന്‍, പി.സി സുബൈദ, പുഷ്പ അമേക്കള, ടി.കെ സുമയ്യ, പി.വി പുഷ്പജ, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. നാളെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി കെ.ടി ജലീല്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി അവലോകനം നടത്തും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."