ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി കേരളത്തെ ബാധിക്കുമെന്ന് ആശങ്ക
കൊച്ചി: ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധി മൂലം പ്രവാസികള്‍ കേരളത്തിലേക്കു പണം അയക്കുന്നതില്‍ വന്‍കുറവ്. സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ കേരളത്തിലേക്കുള്ള പണമൊഴുക്കില്‍ വന്‍തോതില്‍ കുറവുവരുമെന്നും വിലയിരുത്തലുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശീവല്‍ക്കരണവും മറ്റും കാരണം നിരവധിപേര്‍ തൊഴില്‍രഹിതരായതാണ് കേരളത്തിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയാന്‍ കാരണം. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനത്തും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
എണ്ണ വിലയിലുണ്ടായ ഇടിവ് ഗള്‍ഫില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നിര്‍മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും.
മൂന്നരക്കോടി ജനസംഖ്യയുള്ള സംസ്ഥാനത്തിലെ പത്തുശതമാനം പ്രവാസികളാണെന്നാണ് വിലയിരുത്തല്‍. പ്രവാസികളില്‍ കൂടുതലും സഊദി, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, ഒമാന്‍ എന്നീ ഗള്‍ഫ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രതിവര്‍ഷം ഒരു ട്രില്യണ്‍ രൂപയാണ് സംസ്ഥാനത്തെ ബാങ്കുകള്‍ വഴി കൈകാര്യം ചെയ്യുന്നത്. ഇതു കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 35 ശതമാനത്തോളം വരും. പ്രവാസികള്‍ അയക്കുന്ന ഈ പണം ഹൈ ഹ്യൂമണ്‍ ഡവലപ്പ്‌മെന്റ് ഇന്‍ ഡെക്‌സ് റാങ്കില്‍ സംസ്ഥാനത്തിന് ഉയര്‍ന്ന സ്ഥാനം നേടി നല്‍കുന്നതിന് സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഇന്ത്യയുടെ ശരാശരി വളര്‍ച്ചാനിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളം രേഖപ്പെടുത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ താഴോട്ടു പോയിരിക്കുകയാണ്.
സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ ഇടിവ് ഗള്‍ഫ് മേഖലയിലെ മാറ്റത്തിന്റെ പ്രതിഫലനമാണ്. ഈ തളര്‍ച്ച മുതലെടുക്കാനുള്ള കുഴല്‍പ്പണ ഇടപാടുകാരുടെ നീക്കങ്ങളെയും സര്‍ക്കാര്‍ ഗൗരവമായിട്ടാണ് വീക്ഷിക്കുന്നത്.
ബാങ്ക് വഴിയുള്ള ഇടപാടുകള്‍ കുഴപ്പണ ഇടപ്പാടിലൂടെ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ നിരവധി കുഴല്‍പണം അടുത്തകാലത്തായി സംസ്ഥാനത്ത് പിടികൂടുകയുണ്ടായി.
ഗള്‍ഫ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിക്കുന്നത് കേരളത്തെയായതിനാലാണ് കൂടുതല്‍ ജാഗ്രത ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."