ഏഷ്യന്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് 24ന്
ദോഹ: ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന പതിനാറാമത് സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാംപ് 24ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തറിലെ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. തുമാമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ക്യാംപ്. രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായി ക്യാംപ് ജനറല്‍ കണ്‍വീനര്‍ സി.എച്ച് നജീബ് അറിയിച്ചു.
രണ്ടായിരം റിയാലില്‍ കൂടുതല്‍ മാസവരുമാനമില്ലാത്ത ആരോഗ്യ പരിരക്ഷാ സൗകര്യമില്ലാത്തവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, ഇ.എന്‍.ടി, നേതൃരോഗം, ഫിസിയോതെറാപ്പി തുടങ്ങി വിവിധ വിഭാഗങ്ങളിലായി നൂറില്‍പരം ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. പ്രഷര്‍, ഷുഗര്‍, ഇ.സി.ജി, അള്‍ട്രാ സൗണ്ട്, കൊളസ്‌ട്രോള്‍, മൂത്രപരിശോധന, എക്കോടെസ്റ്റ്, ഓഡിയോ മെട്രിക്, ഗ്ലൂക്കോമ ടെസ്റ്റ്, ഓറല്‍ ചെക്കപ്പ് എന്നിവയ്ക്കുള്ള സൗകര്യവും ക്യാംപില്‍ ഏര്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. രക്തദാന സൗകര്യത്തിന് പുറമേ അവയവദാനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ടാകും.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രമുഖരുടെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കും. മന്‍സറയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ മെഡിക്കല്‍ ക്യാംപ് ഓഫിസില്‍ നേരിട്ടെത്തി റജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം, കേരള ഫാര്‍മസി അസോസിയേഷന്‍ എന്നിവയുടെ പിന്തുണയോടെ നടക്കുന്ന ക്യാംപില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."