ലങ്ക ലീഡിലേക്ക്
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ലീഡിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 172 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ലങ്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയില്‍. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഏഴ് റണ്‍സ് കൂടി മതി.
അര്‍ധ സെഞ്ച്വറികള്‍ നേടിയ മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് (52), ലഹിരു തിരിമന്നെ (51) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ലങ്കയ്ക്ക് കരുത്തായത്. ഇരുവരേയും പുറത്താക്കാന്‍ സാധിച്ചത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ദിനേശ് ചാന്‍ഡിമല്‍ (13), ഡിക്ക്‌വെല്ല (14) എന്നിവരാണ് ക്രീസില്‍. സമരവിക്രമ (23), കരുണരത്‌നെ (എട്ട്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യക്കായി പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ആദ്യ രണ്ട് ദിനങ്ങളിലും മഴയും വെളിച്ചക്കുറവും മൂലം കളി കാര്യമായി നടന്നിരുന്നില്ല. മൂന്നാം ദിനം 32.5 ഓവറില്‍ അഞ്ചിന് 74 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പൂജാരയെ നഷ്ടമായി.
രണ്ട് ദിവസം ഒരറ്റത്ത് ക്ഷമയോടെ ബാറ്റ് വീശി പുറത്താകാതെ നിന്ന് ഒറ്റയാള്‍ പോരാട്ടം നടത്തിയ പൂജാര അര്‍ധ സെഞ്ച്വറി തികച്ച ഉടനെ (52) മടങ്ങി. പിന്നീട് ഏഴാം വിക്കറ്റില്‍ സാഹ (29), ജഡേജ (22) എന്നിവര്‍ അല്‍പ്പനേരം കൂടി പിടിച്ചുനിന്നു. വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ (13), മുഹമ്മദ് ഷമി (24) എന്നിവരുടെ വലിച്ചടികളാണ് സ്‌കോര്‍ 150 കടത്തിയത്.
ലങ്കക്കായി സുരംഗ ലക്മല്‍ നാലും ലഹിരു ഗമഗെ, ദശുന്‍ ഷനക, ദില്‍റുവന്‍ പെരേര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."